ന്യൂയോർക്ക് ∙ ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാൻ യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ ഇന്നു രാത്രി ഇന്ത്യൻസമയം 8.17നു യാത്ര തിരിക്കും. കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായാണു യാത്ര. സോയൂസ് 2.1 എ റോക്കറ്റിലാണു പേടകത്തെ വിക്ഷേപിക്കുന്നത്. റഷ്യക്കാരായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിന് ഒപ്പമുണ്ട്.
∙ അനിലിന്റെ പേടകമായ സോയൂസ് പ്രോഗ്രസ് രാത്രി 11.30 കഴിഞ്ഞ് രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സെനിത്ത് കവാടവുമായി ബന്ധിപ്പിക്കപ്പെടും (ഡോക്കിങ്).
∙ നാളെ പുലർച്ചെ ഒരുമണിയോടെ കവാടങ്ങൾ തുറക്കും (ഹാച്ചിങ്).
∙ ഒന്നരയോടെ അനിലും സംഘവും നിലയത്തിലേക്ക്.
∙ തുടർന്ന് നിലയത്തിലെ ‘എക്സ്പെഡിഷൻ 74’ ദൗത്യത്തിന്റെ ഭാഗമാകും.
ഇന്ത്യന്‍ – അമേരിക്കന്‍ ഫിസിഷ്യനും എന്‍ജിനീയറും സൈനിക ഉദ്യോഗസ്ഥനുമാണ് അനിൽ മേനോൻ. ഏകദേശം 8 മാസത്തോളം ബഹിരാകാശത്ത് കഴിയും. രണ്ട് റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും.പാതി മലയാളിയായ അനില്‍ മേനോന്‍ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അനിലിന്റെ പിതാവ് ശങ്കരന്‍ മേനോന്‍. ഹാര്‍വാഡിൽ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദം നേടിയ അനിൽ സ്റ്റാൻഫഡ് സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദവും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സ്‌പേസ് എക്‌സിന്റെ ആദ്യത്തെ ഫ്ലൈറ്റ് സര്‍ജനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു. യുഎസ് വ്യോമസേനയില്‍ കേണല്‍ ആയിരുന്നു.
2014ലാണ് അനില്‍ മേനോന്‍ നാസയില്‍ ഫ്ലൈറ്റ് സര്‍ജനായെത്തുന്നത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഡോക്ടറായ അദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്പേസ് എക്സ് ജീവനക്കാരിയായ അന്നാ മേനോനാണ് ഭാര്യ. ചാന്ദ്ര, ചൊവ്വ ഗവേഷണത്തിലാകും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ അദ്ദേഹമടക്കമുള്ള സംഘം ഏര്‍പ്പെടുക.






