Headlines

‘കഴിഞ്ഞ സർക്കാർ പത്ത് വർഷം ഒന്നും ചെയ്തില്ലെന്ന് വി.കെ ശ്രീകണ്ഠൻ, മുൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നുവെന്ന് സിപിഐഎം എംപിമാർ’; എം.പിമാരുടെ യോഗത്തിൽ തർക്കം

 

പാലക്കാട് കോച്ച് ഫാക്ടറിയെ ചൊല്ലി എം.പിമാരുടെ യോഗത്തിൽ തർക്കം. കഴിഞ്ഞ സർക്കാർ പത്ത് വർഷം കോച്ച് ഫാക്ടറിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് വി.കെ ശ്രീകണ്ഠൻ എം പി. സർക്കാരിനെ കുറ്റപ്പെടുത്തേണ്ടെന്ന് വി. ശിവദാസൻ. സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് പരാതിപ്പെട്ട് പി.വി. അബ്ദുൽ വഹാബ് യോഗത്തിൽ നിന്നിറങ്ങിപ്പോയി.

 

 

മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. മുൻ സർക്കാരിനെ കെ ശ്രീകണ്ഠൻ വിമർശിച്ചതിനെ വി ശിവദാസൻ ചോദ്യം ചെയ്തതാണ് തർക്കത്തിൽ കലാശിച്ചത്. വി കെ ശ്രീകണ്ഠൻ എംപിയുടെ പരാമർശങ്ങളെ ചോദ്യം ചെയ്ത് ഇടത് എംപിമാർ രംഗത്തെത്തി.

 

മുൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്ന സമീപനമാണെന്ന് വി ശിവദാസൻ കുറ്റപ്പെടുത്തി. എംപിമാരുടെ യോഗത്തെ സർക്കാർ ഗൗരവമായാണ് സമീപിച്ചത്. മുൻ സർക്കാരിനെ വസ്തുതാ വിരുദ്ധമായ രീതിയിൽ ആക്ഷേപിക്കുന്ന പരാമർശങ്ങളാണ് വി കെ ശ്രീകണ്ഠൻ നടത്തിയത്. ആ ഘട്ടത്തിൽ യോഗത്തിൽ പ്രതികരിക്കേണ്ടി വന്നു. വസ്തുതാപരമായാണ് പ്രതികരിച്ചത്.

 

കേരളത്തിൻറെ താൽപര്യങ്ങൾക്കുവേണ്ടി എംപിമാർ കൂട്ടായി പ്രവർത്തിക്കണമെന്നാണ് ഇടതുപക്ഷം കാണുന്നത്. കേരളത്തിൻറെ പൊതു താൽപര്യത്തിന് തടസ്സം നിൽക്കുന്ന ഏതെങ്കിലും പ്രവർത്തനം ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുത് എന്നാണ് അഭിപ്രായം.

 

തിരുത്തേണ്ടവർ തിരുത്തണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്ന് ഇടത് എംപിമാർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ചത്. ഡൽഹിയിൽ നോഡൽ ഓഫീസറെ നിയമിക്കും. കേരളത്തിൻറെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഡൽഹിയിൽ നോഡൽ ഓഫീസറെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.