ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ മൂന്നാമത്തെ മോഡൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. റെനോ ഡസ്റ്ററിന്റെ റീബാഡ്ജ് പതിപ്പാണെങ്കിലും ടെക്റ്റൺ എന്നുപേരിട്ടിരിക്കുന്ന വാഹനമാണ് മിഡ്-സൈസ് എസ്യുവി വിഭാഗത്തിലേക്ക് എത്തുന്നത്. ടെക്റ്റൺ നാളെ ഔദ്യോഗികമായി ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിക്കും. ഈ വർഷം ഫെബ്രുവരിയിൽ വാഹനം വിപണിയിലെത്തേണ്ടിയിരുന്നതാണെങ്കിലും ചില കാരണങ്ങളാൽ അവതരണം വൈകുകയായിരുന്നു.
ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി വിക്ടോറിസ് എന്നിവയ്ക്ക് എതിരാളിയായിട്ടാണ് നിസാൻ ടെക്റ്റണിനെ വിപണിയിൽ എത്തിക്കാനിരിക്കുന്നത്. റെനോയുമായി സഹകരിച്ച് ചെന്നൈയിലെ പ്ലാന്റിലാണ് വാഹനം ഒരുങ്ങുന്നത്. ഗ്രീക്ക് ഭാഷയിൽ നിന്ന് വാസ്തുശില്പി എന്ന് അർഥം വരുന്ന പേരാണ് ടെക്റ്റൺ. കമ്പനിയുടെ നിരയിൽ മാഗ്നൈറ്റിന് മുകളിലായിരിക്കും ടെക്ടൺ എത്തുക. പട്രോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെക്റ്റണിന്റെ ഡിസൈൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്.
നിസാൻ ടെക്റ്റണിൽ ഇൻവേർട്ടഡ് എൽ-ആകൃതിയിലുള്ള എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്ലാമ്പുകൾ, ഫോക്സ് സിൽവർ സ്കിഡ് പ്ലേറ്റുകൾ, ബോണറ്റിൽ ടെക്ടൺ ലെറ്ററിംഗ്, ഫാസിയയുടെ നീളത്തിൽ ഒരു ചുവന്ന ഇൻസേർട്ട് എന്നിവ ഉൾപ്പെടും. സൈഡ് പ്രൊഫൈലിൽ ഫ്രണ്ട് ഫെൻഡറുകളിൽ ഒരു ഇൻസേർട്ട്, അലോയ് വീലുകൾക്കായി ഒരു പുതിയ ഡിസൈൻ എന്നിവ ഉണ്ടാകും. പിൻ പ്രൊഫൈലിൽ ഒരു എൽഇഡി ലൈറ്റ് ബാർ, സി-ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ, റിയർ വൈപ്പറും വാഷറും, ഉയർന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, ടെയിൽഗേറ്റിൽ ടെക്ടൺ ലെറ്ററിംഗ്, ഒരു ഷാർക്ക്-ഫിൻ ആന്റിന എന്നിവ ലഭിക്കും.
വരാനിരിക്കുന്ന നിസ്സാൻ ടെക്റ്റോണിൽ 1.0 ലിറ്റർ ടർബോ-പെട്രോൾ, 1.3 ലിറ്റർ ടർബോ-പെട്രോൾ, 1.8 ലിറ്റർ ടർബോ-പെട്രോൾ ഹൈബ്രിഡ് പവർട്രെയിനുകൾ എന്നിവ ലഭ്യമായേക്കാം. ഇതിൽ അവസാനത്തേത് പിന്നീട് അവതരിപ്പിക്കാനാണ് സാധ്യത. വിപണിയിലെത്തിയാൽ ഹ്യുണ്ടായ് ക്രെറ്റ, മാരുതി വിക്ടോറിസ്, കിയ സെൽറ്റോസ് എന്നിവയ്ക്ക് പുറമേ ഫോക്സ്വാഗൺ ടൈഗൂൺ, സ്കോഡ കുഷാക്ക്, റെനോ ഡസ്റ്റർ, ടാറ്റ സിയറ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ് എന്നിവയോടായിരിക്കും ടെക്റ്റൺ മത്സരിക്കുക.






