Headlines

കൂട്ടപ്പിരിച്ചുവിടൽ: തൊഴിലവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ പ്രതിപക്ഷം മുന്നിലുണ്ടാകും, കമ്പനിയുടെ ധാർഷ്ട്യത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കരുത്; പിണറായി വിജയൻ

 

ജീവനക്കാരെ ഒറ്റയടിക്ക്‌ പിരിച്ചുവിട്ട മെഡിക്കൽ കോഡിങ്‌ കമ്പനിയുടെ ധാർഷ്ട്യത്തിന് മുന്നിൽ സംസ്ഥാന സർക്കാർ മുട്ടുമടക്കരുതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിരിച്ചുവിടപ്പെട്ട മുഴുവൻ ജീവനക്കാരെയും അടിയന്തരമായി തിരിച്ചെടുക്കാനും, അതുവരെ അവർക്ക് അർഹമായ വേതനം ഉറപ്പാക്കാനുമുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലത്തിൽ ലേബർ കോഡുകളിലെ തൊഴിലാളി ദ്രോഹ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചെന്നും തൊഴിലവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ പ്രതിപക്ഷം മുൻപന്തിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്

 

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്തിന്റെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ പൂട്ടി ആയിരത്തോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ലേബർ കോഡുകളിലെ വ്യവസ്ഥകൾ മറയാക്കിയാണ് കമ്പനി ഈ കടുംവെട്ട് നടത്തിയിരിക്കുന്നത്.

കോർപ്പറേറ്റ് മൂലധന ശക്തികൾക്കായി കേന്ദ്രം കൊണ്ടുവന്ന ലേബർ കോഡുകൾ തൊഴിലാളികളെ അങ്ങേയറ്റം ദോഷകരമായാണ് ബാധിക്കുക എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ കൂട്ടപ്പിരിച്ചുവിടൽ.

തൊഴിൽ ചൂഷണങ്ങൾക്ക് നിയമസാധുത നൽകുന്ന ലേബർ കോഡുകൾ കേരളത്തിൽ നടപ്പാക്കില്ല എന്ന ഉറച്ച നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നത്. തൊഴിലാളി ദ്രോഹപരമായ ഈ കരിനിയമത്തിനെതിരെ ഇടതുപക്ഷ ട്രേഡ് യൂണിയനുകളും ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. കേരളത്തിൽ പുതിയ ലേബർ കോഡുകൾ വിജ്ഞാപനം ചെയ്ത് നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ, നിലവിലുള്ള ‘ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട് 1947’ പ്രകാരമാണ് കാര്യങ്ങൾ മുന്നോട്ട് പോകേണ്ടത്. ഇതനുസരിച്ച് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണ്. എന്നിട്ടും പരസ്യമായി നിയമം ലംഘിക്കാൻ കമ്പനിക്ക് ധൈര്യം വരുന്നത് സംസ്ഥാന സർക്കാരിന്റെയും തൊഴിൽ വകുപ്പിന്റെയും നിസ്സംഗത കൊണ്ടാണ്. കോർപ്പറേറ്റുകൾ തൊഴിലാളികളെ തെരുവിലേക്ക് തള്ളിയിടുമ്പോൾ നോക്കുകുത്തിയായി നിൽക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.

മുൻകൂർ നോട്ടീസോ അർഹമായ നഷ്ടപരിഹാരമോ നൽകാതെ തൊഴിലാളികളെ യഥേഷ്ടം പിരിച്ചുവിടാനുള്ള ലൈസൻസായി ലേബർ കോഡുകൾ മാറിയിരിക്കുകയാണ്. ഐടി അനുബന്ധ മേഖലകളിൽ ജോലി ചെയ്യുന്നവരെയുൾപ്പെടെ പുതിയ തൊഴിൽ പരിഷ്കാരങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നാണ് കൊറോ ഹെൽത്തിലെ നടപടി കാണിക്കുന്നത്. കമ്പനി മാനേജ്‌മെന്റിന്റെ ധാർഷ്ട്യത്തിന് മുന്നിൽ സംസ്ഥാന സർക്കാർ മുട്ടുമടക്കരുത്.

പിരിച്ചുവിടപ്പെട്ട മുഴുവൻ ജീവനക്കാരെയും അടിയന്തരമായി തിരിച്ചെടുക്കാനും, അതുവരെ അവർക്ക് അർഹമായ വേതനം ഉറപ്പാക്കാനുമുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാവേണ്ടതുണ്ട്. കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിന്റെ പശ്ചാത്തലത്തിൽ ലേബർ കോഡുകളിലെ തൊഴിലാളി ദ്രോഹ വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബഹു. മുഖ്യമന്ത്രിക്ക് കത്തയച്ചു. തൊഴിലവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ പ്രതിപക്ഷം മുൻപന്തിയിലുണ്ടാകും.