അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്ന് സംഭാവന പണം മോഷ്ടിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്ത്. ക്ഷേത്രത്തിൽ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് മുഖ്യപ്രതി അവിനാഷ് ശുക്ല കാർ വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി. ക്ഷേത്ര സംഭാവനകളിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് മാരുതി ബ്രെസ്സ എന്ന വാഹനം വാങ്ങിയതെന്നും ഉടമസ്ഥാവകാശം മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശുക്ലയുടെ സഹോദരൻ അഭിഷേകിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടാതെ പ്രതിദിനം പ്രതികൾ 6 മുതൽ 7 ലക്ഷം രൂപ വരെ തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. പണം എണ്ണുന്നതിൽ ഉൾപ്പെട്ട ബാങ്ക് ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച സ്വർണ്ണവും വെള്ളിയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. സ്വർണ്ണം പ്രതികൾ ഉരുക്കിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. 10 ബാങ്ക് ജീവനക്കാരെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു
ഗൂഢാലോചന തെളിയിക്കുന്നതിനും തെളിവുകൾ പരിശോധിക്കുന്നതിനുമായി ശുക്ലയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥർ അദ്ദേഹത്തെ പല സ്ഥലങ്ങളിലും എത്തിച്ചത്. അയോധ്യയിലെ കൗശൽപുരി പ്രദേശത്തുള്ള ഒരു യോഗാ കേന്ദ്രത്തിലേക്കാണ് പൊലീസ് ആദ്യം പ്രതിയെ കൊണ്ടുപോയത്, കേസുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.
പിന്നീട് ലഖ്നൗ-അയോധ്യ ഹൈവേയ്ക്ക് സമീപമുള്ള 14-കോസി പരിക്രമ മാർഗിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. മോഷണത്തിന് ശേഷം മോഷ്ടിച്ച സംഭാവന പണം വിതരണം ചെയ്യാൻ പ്രതിയും കൂട്ടാളികളും ഈ സ്ഥലം ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളുടെ മൊഴികൾ സ്ഥിരീകരിക്കുന്നതിനും സംഭവങ്ങളുടെ ക്രമം സ്ഥാപിക്കുന്നതിനും കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സ്ഥലം സന്ദർശനങ്ങൾ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.









