Headlines

അഫ്ഗാൻ അതിർത്തിയിൽ പാക്ക് പൊലീസുകാർക്ക് നേരെ വെടിവയ്പ്പ്; രണ്ട് ഉദ്യോഗസ്ഥർ‌ കൊല്ലപ്പെട്ടു

 

ഇസ്‌ലാമാബാദ്∙ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ പതിവ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു നേരെ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ മുതിർന്ന ഉദ്യോഗസ്ഥനടക്കം രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റതായി അധികൃതർ അറിയിച്ചു. അഫ്ഗാൻ അതിർത്തിയോടു ചേർന്നുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മൊഹ്മന്ദ് ജില്ലയിലാണ് ഇന്നലെ രാത്രി വൈകി, ഭീകരർ പൊലീസ് സംഘത്തെ ഒളിഞ്ഞിരുന്ന് ആക്രമിച്ചത്.

 

ലോവർ മൊഹ്മന്ദ് സബ്ഡിവിഷനിലെ മച്നി അക്രാബ് ദാഗ് പ്രദേശത്ത് വച്ചാണ് അജ്ഞാതരായ അക്രമികൾ പൊലീസ് മൊബൈൽ പട്രോളിങ് വാഹനത്തിനു നേരെ അപ്രതീക്ഷിതമായി വെടിയുതിർത്തത്. വെടിവയ്പ്പിൽ ഒരു അഡീഷനൽ സ്റ്റേഷൻ ഹൗസ് ഓഫിസറും ഹെഡ് കോൺസ്റ്റബിളുമാണ് സംഭവസ്ഥലത്ത് മരിച്ചത്. പൊലീസ് വാഹനത്തിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും പരുക്കേറ്റ കോൺസ്റ്റബിളിനെയും ഉടൻ റൂറൽ ഹെൽത്ത് സെന്ററിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്കു ശേഷം പരുക്കേറ്റ ഉദ്യോഗസ്ഥനെ വിദഗ്ധ ചികിത്സയ്ക്കായി പെഷവാറിലെ ആശുപത്രിയിലേക്കു റഫർ ചെയ്തു.ആക്രമണ വിവരമറിഞ്ഞ് ഡിസ്ട്രിക്റ്റ് പൊലീസ് ഓഫിസർ റാസ മുഹമ്മദ്, ഡിഎസ്പി ദിൽഫ്രാസ് എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് എത്തി. സുരക്ഷാ സേന പ്രദേശം വളഞ്ഞ് ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും ഇവരെ കണ്ടെത്താനും പിടികൂടാനുമുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.