Headlines

കൊച്ചി കുണ്ടന്നൂരില്‍ ജനിച്ച് മണിക്കൂറുകള്‍ മാത്രമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

 

കൊച്ചിയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറി. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നത് ആരെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. (Baby found abandoned in Kundannur, Kochi)

 

 

കുണ്ടന്നൂരിലെ ഫോറം മാളിനോട് ചേര്‍ന്നുള്ള ഇടറോഡിലെ തട്ടുകടയുടെ പരിസരത്തുനിന്നാണ് പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. സമീപത്തെ കാര്‍ ഷോറൂമില്‍ മാത്രമാണ് ഈ പ്രദേശത്ത് ആകെ സിസിടിവിയുള്ളത്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്.കുഞ്ഞ് കരയുന്ന ശബ്ദം കേട്ട് നോക്കിയ നാട്ടുകാര്‍ പുലര്‍ച്ചെ ഒരു മണിയോടെ കുഞ്ഞിനെ കണ്ടെത്തുകയും ഉടനടി മരട് പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പ്രദേശത്തെ ബെഞ്ചില്‍ കിടത്തിയ നിലയിലായിരുന്നു കുഞ്ഞ്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പൊലീസ് അറിയിച്ചു. എന്നിരിക്കിലും കുഞ്ഞ് ഡോക്ടേഴ്‌സിന്റെ നിരീക്ഷണത്തിലാണ്.