തിരുവനന്തപുരം ∙ ജൂലൈ ഒന്നിനു മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഇടംപിടിച്ചു. 0.5% മുതൽ 10% വരെ വീര്യമുള്ള മദ്യത്തിന് 120% വിൽപന നികുതിയും 10% മുതൽ 20% വരെ വീര്യമുള്ളതിനു 175% വിൽപന നികുതിയും നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനമാണു ബില്ലിന്റെ കരടിൽ ഉൾപ്പെടുത്തിയത്. ‘ലോ ആൽക്കഹോളിക് ബവ്റിജസ്’ എന്ന വിഭാഗത്തിനു നികുതി നിരക്കു നിശ്ചയിച്ച് കേരള പൊതു വിൽപനനികുതി നിയമം (കെജിഎസ്ടി) 1963 ഭേദഗതി വരുത്താനാണു നിർദേശം. ധനവകുപ്പ് നിയമസഭാ സെക്രട്ടേറിയറ്റിനു കൈമാറിയ കരട് പ്രസിദ്ധീകരിച്ചു. ഇന്നുതന്നെ എംഎൽഎമാർക്കു പകർപ്പ് ലഭിക്കും.പ്രധാന ഘടകകക്ഷി നേതാക്കളുമായി ആശയവിനിമയം നടത്തിയശേഷമാണു നീക്കമെന്നാണു വിവരം. യുഡിഎഫിനു വലിയ ഭൂരിപക്ഷമുള്ള സഭയിൽ ധനബിൽ പാസാകുമെന്ന് ഉറപ്പാണ്. വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്നു മദ്യനയത്തിൽ യുഡിഎഫ് തീരുമാനിക്കുമെന്നും വിൽക്കുന്നുണ്ടെങ്കിൽ ബജറ്റിൽ പ്രഖ്യാപിച്ചതു തന്നെയാകും നികുതി ഘടനയെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയിരുന്നു. ബജറ്റ് പ്രഖ്യാപനം മദ്യക്കമ്പനികൾക്കു വേണ്ടിയാണെന്ന് ആരോപിച്ച പ്രതിപക്ഷം, നികുതി കുറച്ച നടപടി ധനബില്ലിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണു സർക്കാർ നടപടി. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന പുതിയ വിഭാഗം മദ്യത്തിന് നികുതി നിശ്ചയിക്കാതിരുന്നതിനാൽ നികുതിഘടന നിശ്ചയിക്കുക മാത്രമാണു ചെയ്തതെന്നാണു യുഡിഎഫ് സർക്കാർ നിലപാട്. എന്നാൽ, വീര്യമുള്ള മദ്യം (ഐഎംഎഫ്എൽ) വിൽക്കുന്ന 251% നികുതിയിൽ തന്നെ വിൽക്കാനാണു കഴിഞ്ഞ സർക്കാർ നിർദേശിച്ചിരുന്നതെന്നു പ്രതിപക്ഷം വാദിക്കുന്നു.









