ഗസയിലെ നിലപാടിലും പശ്ചിമേഷ്യൻ സംഘർഷത്തിലും പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് സോണിയ ഗാന്ധി. ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നെന്നാണ് വിമർശനം. മധ്യസ്ഥത വഹിക്കാൻ അർഹതയുണ്ടായിരുന്ന ഇന്ത്യയെ മറികടന്ന് പാകിസ്താൻ, ആ സ്ഥാനം കൈക്കലാക്കുന്നെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.ഗസയിലെ ഇസ്രായേൽ നടപടികൾക്കെതിരെ ഇന്ത്യ തുടരുന്ന മൗനത്തിനും കേന്ദ്രസർക്കാരിന്റെ വിദേശനയത്തിനും എതിരെയാണ് സോണിയ ഗാന്ധിയുടെ വിമർശനം. ലോകം ശബ്ദം ഉയർത്തുമ്പോൾ ഗസയിൽ ഇന്ത്യയ്ക്ക് മൗനം. പലസ്തീനുവേണ്ടി ശബ്ദമുയർത്തുക എന്നത് ഇന്ത്യൻ ദേശീയതയുടെ അനിവാര്യതയാണ്. മോദി സർക്കാരിന്റെ മൗനവും നിഷ്ക്രിയത്വവും ദേശീയ താൽപ്പര്യത്തിന് വിരുദ്ധം. പ്രധാനമന്ത്രിയുടെ ഇസ്രായേൽ സന്ദർശനം തെറ്റായ തീരുമാനമെന്നും ലേഖനത്തിൽ സോണിയാഗാന്ധി ചൂണ്ടിക്കാട്ടി.പലസ്തീൻ, ഇറാൻ തുടങ്ങിയ സഖ്യ കക്ഷികളിൽ നിന്ന് ഇന്ത്യ അകന്നു. പലസ്തീന് പരസ്യ പിന്തുണ പ്രഖ്യാപിക്കണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം വീണ്ടെടുക്കണമെന്നും, മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ലേഖനം എക്സിൽ റീപോസ്റ്റ് ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.






