‘അധികാരമോഹിയല്ല, രാജിവയ്ക്കാൻ തയാർ’: ഉദ്ധവ് താക്കറെ

 

മുംബൈ∙ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയാറാണെന്ന് ഉദ്ധവ് താക്കറെ. ശിവസേന (യുബിടി) പക്ഷത്ത് പുതിയ കൂറുമാറ്റ ഭീഷണികൾ ശക്തമാകുന്നതിനിടെയാണ് ഈ പ്രഖ്യാപനം. പാർട്ടിയുടെ സ്ഥാപകൻ ബാൽ താക്കറെ ഒരിക്കലും അധികാരത്തിന് പിന്നാലെ പോയിട്ടില്ലെന്നും താൻ അധികാരമോഹിയല്ലെന്നും ആവശ്യമെങ്കിൽ ഈ നിമിഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുതരാമെന്നും ഉദ്ധവ് പറഞ്ഞു.’കൂറുമാറാൻ തയ്യാറെടുക്കുന്നവർ വഞ്ചകരാണ്. അവർക്ക് യഥാർത്ഥ കാവി പതാക കൈകളിൽ പിടിക്കാൻ ഒരിക്കലും കഴിയില്ല. മറാത്തി ജനതയ്ക്ക് നീതി നൽകാൻ രൂപീകരിച്ച പാർട്ടിയെ ഇവർ ഒറ്റുകൊടുക്കുകയാണ്. ബിജെപി നേതാക്കളെ കൂടുമാറ്റാൻ പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ രീതിയിലുള്ള ‘ഓപ്പറേഷൻ ലോട്ടസ്’ നടത്തണം,’ അദ്ദേഹം പറഞ്ഞു.’ബിജെപി തന്ന വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ട് പോയപ്പോഴാണ് താൻ മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. വഞ്ചകർക്ക് വോട്ട് ചെയ്ത വോട്ടർമാരോട് താൻ ക്ഷമ ചോദിക്കുന്നു,’ ഉദ്ധവ് കൂട്ടിച്ചേർത്തു.ഉദ്ധവ് താക്കറെയുടെ ശിവസേന ക്യാംപിലെ 9 ലോക്‌സഭാ എംപിമാരിൽ 6 പേർ കളം മാറിയത് അതിരഹസ്യമായി ആസൂത്രണം ചെയ്ത ‘ഓപ്പറേഷൻ ടൈഗർ’ എന്ന് പേരിട്ട നീക്കത്തിലൂടെയായിരുന്നു. ജൂൺ 16 ചൊവ്വാഴ്ചയാണ് വിമത നീക്കങ്ങൾക്ക് തുടക്കമായത്. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളിൽ നിന്ന് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗങ്ങളുടെയോ മാധ്യമങ്ങളുടെയോ കണ്ണിൽ പെടാതെ 6 എംപിമാരും ഒളിച്ചുകടക്കുകയായിരുന്നു.