ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തലിന് ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തിയത് താനാണെന്ന് ട്രംപ്. ഇറാനുമായുള്ള സമാധാനകരാര്‍ യാഥാര്‍ഥ്യമാകാന്‍ ലെബനോണിലെ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി. എന്‍ബിസി ന്യൂസിനോടാണ് ട്രംപിന്റെ പ്രതികരണംബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചോ എന്ന് ട്രംപ് വ്യക്തമാക്കിയില്ല.
അതേസമയം, പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങളില്‍ നിര്‍ണായകമാകുകയാണ് ഇസ്രയേല്‍ നിലപാട്. ഹിസ്ബുല്ല – ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നശേഷവും ലെബനോനില്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, അമേരിക്ക – ഇറാന്‍ സമാധാന ചര്‍ച്ച എന്നു തുടങ്ങുമെന്നതില്‍ അനിശ്ചിതത്വം രൂപപ്പെട്ടു. കരാര്‍ യാഥാര്‍ഥ്യമായില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. വരുന്ന 60 ദിവസത്തിനുള്ളില്‍ ഇറാനുമായി കരാര്‍ ഒപ്പിടേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ഇറാന് ഇഷ്ടപ്പെടാത്ത പലതും ചെയ്യേണ്ടി വരുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്ക ധാരണാപത്രത്തിലെ ആദ്യ വ്യവസ്ഥ പാലിക്കുന്നതില്‍ പോലും പരാജയപ്പെട്ടുവെന്ന് ഇറാന്‍ ദേശീയ സുരക്ഷാ കമ്മിറ്റി മേധാവി ഇബ്രാഹിം അസീസി പറഞ്ഞു. മാറ്റിവച്ച അമേരിക്ക -ഇറാന്‍ സമാധാന ചര്‍ച്ചകള്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ നടക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ചര്‍ച്ചകള്‍ക്കായി അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് സ്വിറ്റ്സര്‍ലണ്ടിലേക്ക് തിരിച്ചു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ട്രംപിന്റെ മരുമകന്‍ ജെറാദ് കഷ്നറും ചര്‍ച്ചയില്‍ പങ്കെടുക്കും. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് നടന്ന ആക്രമണത്തില്‍ ലെബനോണില്‍ 47 പേര്‍ കൊല്ലപ്പെട്ടിരുന്നു.









