Headlines

‘സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണം’; പി എം ശ്രീയിൽ കെഎസ്‌യു

 

പി.എം. ശ്രീയിൽ യുഡിഎഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് കെ എസ് യു നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ കുറിച്ചു.

 

 

എൽഡിഎഫ് സർക്കാറിന്റെ തീരുമാനങ്ങളെ പ്രതിരോധിച്ചവരാണ് കെഎസ്‌യുവെന്നും നിലപാടിൽ പിന്നോട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ താൽപര്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണം. വിദ്യാർത്ഥി സമൂഹത്തിന്റെ ആശങ്കകൾ അവഗണിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

 

മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭയെയും ജനങ്ങളെയും ഇരുട്ടിലാക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് മുന്നില്‍ അടിയറവെച്ചപ്പോള്‍ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തവരാണ് കെഎസ്‌യു. ആ നിലപാടില്‍ നിന്ന് ഒരു അടിപോലും പിന്നോട്ടില്ല.

 

വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ അവകാശങ്ങളും സ്വയംഭരണവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ന് യുഡിഎഫ് സര്‍ക്കാരിനാണെന്ന് ജവാദ് പുത്തൂര്‍ പറഞ്ഞു. ഫെഡറല്‍ സംവിധാനങ്ങളെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും കാറ്റില്‍ പറത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഏകപക്ഷീയ സമീപനത്തിനെതിരെ കേരളത്തിന്റെ ശബ്ദം ശക്തമായി ഉയരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.