വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

 

വയനാട് തിരുനെല്ലി കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളി രാജുവിന്റെ കുടുംബത്തിന് പതിനാല് ലക്ഷം ധനസഹായം നൽകും. അടിയന്തരമായി ഇന്ന് തന്നെ 5 ലക്ഷം രൂപ കൈമാറുമെന്ന് മാനന്തവാടി എംഎൽഎ ഉഷ വിജയൻ പ്രതികരിച്ചു. ആശ്രിതർക്ക് ജോലി നൽകുന്നതിനുള്ള ശിപാർശ സർക്കാരിന് നൽകും. നടന്ന സംഭവം സങ്കടകരം എന്ന് മാനന്തവാടി എംഎൽഎ.

 

 

സംഭവത്തിൽ വയനാട് മാനന്തവാടിയിൽ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും എത്തി. സ്ഥലം എംഎൽഎ ഉഷാ വിജയനും സബ് കളക്ടറും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധത്തിൽ നിന്ന് നാട്ടുകാർ പിന്മാറിയത്. ഇന്ന് രാവിലെയാണ്, വയനാട് കാട്ടിക്കുളത്തിന് സമീപത്ത് രാജുവിനെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാജുവിന്റെ അന്ത്യം.

 

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് കാട്ടിക്കുളം വെള്ളാഞ്ചേരി ഭാഗത്ത് ഒറ്റയാൻ ഇറങ്ങിയത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയെ തുരത്തുന്നതിനിടയിൽ ആനയുടെ മുന്നിൽ പെട്ട തോട്ടം തൊഴിലാളി രാജുവിന് പരുക്കേറ്റത്. മണിക്കൂറുകൾക്കുശേഷം ആനയെ വനവകുപ്പും നാട്ടുകാരും ചേർന്ന് കാടുകയറ്റി.