Headlines

‘മിസ്റ്റർ റോജി, LDF സർക്കാരിനെ മറികടന്ന് ഗവർണർ സർവകലാശാല സ്ഥാനമാനങ്ങൾ പങ്കുവെച്ചത് നിങ്ങളുടെ പാർട്ടിയുമായാണ്’

 

തിരുവനന്തപുരം: കേരളം ഭരിച്ചിരുന്ന ഇടതുസര്‍ക്കാരിനെ നിയമവിരുദ്ധമായി മറികടന്ന് ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത ഗവര്‍ണര്‍ സര്‍വകലാശാല സ്ഥാനമാനങ്ങള്‍ വീതം വെച്ചത് കോണ്‍ഗ്രസുമായിട്ടാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി റോജി എം ജോണ്‍ പറഞ്ഞിരുന്നു. ഇതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിക്കുകയും റോജി എം ജോണ്‍ അതിന് മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിനാണ് സഞ്ജീവിൻ്റെ മറുപടി. ‘എം ജി സര്‍വകലാശാലയിലെ വിസി, സെനറ്റ് നിയമനത്തില്‍ നിലപാട് പറയൂ, എന്നിട്ടാവാം ഫേസ്ബുക്കിലെ ഗിരിപ്രഭാഷണം’ എന്നും സഞ്ജീവ് വിമർശിച്ചു.

 

കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ നേതാവായ പ്രൊഫസര്‍ രവീന്ദ്രനെ കാലിക്കറ്റ് വിസിയായി നിശ്ചയിച്ചത് ആര്‍എസ്എസുകാരനായ ഗവര്‍ണറാണ്. കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് കെ സുധാകരനോട് സംഘപരിവാര്‍ കാവിവല്‍ക്കരണം കേരളത്തില്‍ സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ കൊണ്ടുവരുന്നതില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ അതിന് തെളിവില്ലെന്നും അവരുടെ കൂട്ടത്തിലും നല്ല ആളുകള്‍ ഇല്ലേയെന്നുമായിരുന്നു മറുപടി. അതുകൊണ്ടുതന്നെ ആര്‍എസ്എസുകാരനായ ഗവര്‍ണറെ പൂവിട്ട് പൂജിച്ചത് ആരാണെന്ന് മലയാളികൾക്ക് അറിയാമെന്നും സഞ്ജീവ് പറഞ്ഞു.എംജി യൂണിവേഴ്‌സിറ്റിയുടെ വിസി സര്‍ക്കാര്‍ പാനല്‍ കൊടുക്കാതെ എങ്ങനെ നിയമിക്കപ്പെട്ടുവെന്നും സഞ്ജീവ് ചോദിക്കുന്നുണ്ട്. സെനറ്റില്‍ 30 പേരില്‍ എങ്ങനെ 19 ആര്‍എസ്എസുകാര്‍ വന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിട്ടില്ലെങ്കില്‍, ലോക്ഭവനില്‍ ഇരുന്ന് ഇതെല്ലാം ചെയ്യുന്ന ഗവര്‍ണര്‍ക്കെതിരെ നിലപാട് പറയണം. കേരളത്തിന്റെ സര്‍വകലാശാലകളെ കണ്ട സംഘികള്‍ക്ക് വിട്ടു തരില്ലെന്ന് പ്രഖ്യാപിക്കണമെന്നും സഞ്ജീവ് പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

 

രാജ്യത്തെ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കൊണ്ട് ബിജെപി ഇതര ഗവണ്മെന്റുകളെ തകര്‍ക്കാനുള്ള ശ്രമം ഗൂഢ പദ്ധതി പോലെ രാജ്യത്തെമ്പാടും നടപ്പിലാക്കപ്പെട്ടതാണ്, കേരളത്തില്‍ ആദ്യമായി തുടങ്ങിയത് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായപ്പോള്‍ ആണ്,അന്ന് തൊട്ട് അതിനെതിരെ ശക്തമായ നിലപാട് ഇടതുപക്ഷവും അതിന്റെ സര്‍ക്കാറും എടുത്തു. എന്നാല്‍ അന്ന് ബഹു:റോജി എം ജോണ്‍ അങ്ങയുടെ പാര്‍ട്ടിയും മുന്നണിയും കേരളത്തില്‍ എടുത്ത നിലപാട് എന്തായിരുന്നു? സംഘപരിവാര്‍ താത്വിക ആചാര്യന്മാരെ ഒരു സര്‍വ്വകലാശാലയും കേരളത്തില്‍ പാഠ്യഭാഗമാക്കിയിട്ടില്ല. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ഒരു ആര്‍എസ്എസുകാരനെയും പഠിപ്പിച്ചിട്ടുമില്ല. ഇടതു സര്‍ക്കാര്‍ അങ്ങനെ ഒരു നിലപാടും മുന്നോട്ടു വച്ചിട്ടില്ല.പറയുമ്പോള്‍ സത്യത്തിന്റെ കണിക ഉണ്ടാവണം.

 

ഇനി വീതംവെപ്പിന്റെ കാര്യം!

 

കേരളത്തില്‍ ഭരിച്ചിരുന്ന ഇടത് സര്‍ക്കാരിനെ നിയമവിരുദ്ധമായി മറികടന്ന് ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത ഗവര്‍ണര്‍ സര്‍വകലാശാല സ്ഥാനമാനങ്ങള്‍ വീതം വെച്ചത് മിസ്റ്റര്‍ റോജി എം ജോണ്‍ നിങ്ങളുടെ പാര്‍ട്ടിയുമായിട്ടാണ്. കണ്ണൂര്‍ മുതല്‍ കേരള വരെ മുഴുവന്‍ സര്‍വ്വകലാശാലകളിലും സംഘപരിവാറിനോട് കീഴ്‌പ്പെട്ട് അവര്‍ നല്‍കുന്ന സെനറ്റ്, സിന്‍ഡിക്കേറ്റ് സ്ഥാനങ്ങള്‍ തമ്മില്‍ വീതം വയ്ക്കുകയായിരുന്നു നിങ്ങള്‍, ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് വരുന്ന പട്ടികയില്‍ നിശ്ചിത എണ്ണം കോണ്‍ഗ്രസുകാരുടെയും ലീഗുകാരുടെയും പേരുകള്‍ യഥേഷ്ടം വന്നുകൊണ്ടേയിരുന്നു അതിനെക്കുറിച്ച് അങ്ങയ്ക്ക് എന്താണ് പറയാനുള്ളത്? ഒട്ടനവധി ഉദാഹരണങ്ങളും നമ്മുടെ മുന്നില്‍ ഉണ്ട്.എന്തിനേറെ ഇപ്പോഴും തുടരുന്ന ഉദാഹരണമായി കാലിക്കറ്റ് വീസിയെ തന്നെ നോക്കിയാല്‍ മതി. കോണ്‍ഗ്രസ് അധ്യാപക സംഘടനയുടെ നേതാവായ പ്രൊഫസര്‍ രവീന്ദ്രനെ കാലിക്കറ്റ് വീസിയായി നിശ്ചയിച്ചത് ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ ആണ്. കെ സുധാകരന്‍ എന്ന അന്നത്തെ കെപിസിസി പ്രസിഡന്റിനോട് സംഘപരിവാര്‍ കാവിവല്‍ക്കരണം കേരളത്തില്‍ സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ കൊണ്ടുവരുന്നു, എന്താണ് നിങ്ങളുടെ അഭിപ്രായം എന്ന് ചോദിച്ചപ്പോള്‍. ‘അവരുടെ കൂട്ടത്തിലും നല്ല ആളുകള്‍ ഇല്ലേ, അവരും വരട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്’.അതോടൊപ്പം ‘ഗവര്‍ണര്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിന് തെളിവില്ലെന്നാണ് ‘ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അതുകൊണ്ട് മലയാളികള്‍ക്ക് അറിയാം ആര്‍എസ്എസുകാരനായ ഗവര്‍ണറെ എതിര്‍ത്തതാരാണെന്നും, പൂവിട്ട് പൂജിച്ചത് ആരാണെന്നും.

 

എല്ലാം കഴിഞ്ഞ് ഇന്നും ഇന്നലെയും നാളെയും എന്നൊക്കെ ഫേസ്ബുക്കില്‍ കുറിച്ചാല്‍ പോരാ. എംജി യൂണിവേഴ്‌സിറ്റിയുടെ വിസി സര്‍ക്കാര്‍ പാനല്‍ കൊടുക്കാതെ എങ്ങനെ നിയമിക്കപ്പെട്ടു? സെനറ്റില്‍ 30 പേരില്‍ എങ്ങനെ 19 ആര്‍എസ്എസുകാര്‍ വന്നു ഇതൊക്കെ നിങ്ങള്‍ അറിഞ്ഞിട്ടില്ലെങ്കില്‍ , ലോക് ഭവനില്‍ ഇരുന്ന് ഇതെല്ലാം ചെയ്യുന്ന ഗവര്‍ണര്‍ക്കെതിരെ നിലപാട് പറയണം, കേരളത്തിന്റെ സര്‍വകലാശാലകളെ കണ്ട സംഘികള്‍ക്ക് വിട്ടു തരില്ലെന്ന് പ്രഖ്യാപിക്കണം. ധൈര്യമുണ്ടോ അതിനു മിസ്റ്റര്‍ റോജി എം ജോണ്‍? അല്ലാതെ സര്‍വ്വകലാശാലകളെ കീഴടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഗവര്‍ണറെ രാഷ്ട്രീയപരമായും, നിയമപരമായും, തെരുവിലും,കോടതിയിലും നേരിട്ട ഇടതുപക്ഷത്തിനെയും അതിന്റെ നേതാക്കളെയും വിമര്‍ശിച്ചത് കൊണ്ട് ഒന്നുമായില്ല. പ്രതിപക്ഷത്തിരുന്നപ്പോള്‍ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുകയായിരുന്നു നിങ്ങള്‍. ഗവര്‍ണറെ വിമര്‍ശിക്കാതെ ഗവര്‍ണര്‍ നടത്തുന്ന കാവിവല്‍ക്കരണം ഏതാനും കുറച്ച് സിന്‍ഡിക്കേറ്റ്, സെനറ്റ് സ്ഥാനങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ അടിയറവ് വെച്ചു. അതുകൊണ്ട് എം.ജി സര്‍വ്വകലാശാലയുടെ വിസി, സെനറ്റ് നിയമനത്തില്‍ നിലപാട് പറയു ഇന്നിട്ടാവാം ഫേസ്ബുക്കിലെ ഗിരിപ്രഭാഷണം.