ന്യൂഡൽഹി ∙ ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നതിനും വനിതാ സംവരണം നടപ്പിലാക്കുന്നതിനുമുള്ള ഭരണഘടനാ ഭേദഗതി ബിൽ പുതിയ മാറ്റങ്ങളോടെ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കഴിഞ്ഞ ഏപ്രിലിൽ ലോക്സഭയിൽ പരാജയപ്പെട്ട ബില്ലാണ് രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും പാർലമെന്റിലെത്തിക്കാൻ സർക്കാർ നീക്കം നടത്തുന്നത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും. പുതിയ മാറ്റങ്ങൾ പ്രകാരം, സീറ്റുകളുടെ എണ്ണം വർധിപ്പിക്കുമെങ്കിലും നിലവിൽ ഓരോ സംസ്ഥാനത്തിനുമുള്ള സീറ്റുകളുടെ അനുപാതത്തിൽ മാറ്റമുണ്ടാകില്ലെന്ന് ബില്ലിൽ വ്യക്തമാക്കും.ലോക്സഭയിലെ പരമാവധി സീറ്റുകളുടെ എണ്ണം 550ൽ നിന്ന് 850 ആയി ഉയർത്തും. എന്നാൽ, സംസ്ഥാനങ്ങൾക്കിടയിൽ ഈ സീറ്റുകൾ വിഭജിക്കുന്നത് നിലവിലുള്ളതുപോലെ 1971ലെ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കിത്തന്നെയായിരിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ജനസംഖ്യാടിസ്ഥാനത്തിൽ സീറ്റുകൾ കുറയുമെന്ന ആശങ്ക പരിഹരിക്കാനാണ് ഈ നീക്കം. ഭരണഘടനാ ഭേദഗതി പാസാക്കിയ ശേഷം പ്രത്യേക മണ്ഡലപുനർനിർണയ ബിൽ കൊണ്ടുവരും. ഇതിനായി രൂപീകരിക്കുന്ന പ്രത്യേക കമ്മിഷനാകും പുതിയ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി നിശ്ചയിക്കുക. സംസ്ഥാനങ്ങൾക്കുള്ളിലെ നിയമസഭാ മണ്ഡലങ്ങളുടെ വിഭജനത്തിനു 2011ലെ സെൻസസ് മാനദണ്ഡമാക്കിയേക്കും.
നേരത്തെ ബില്ലിനെ എതിർത്തിരുന്ന തൃണമൂൽ കോൺഗ്രസ്, ഡിഎംകെ എന്നീ പാർട്ടികളുമായി സർക്കാർ ചർച്ചകൾ നടത്തിവരികയാണ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡിഎംകെയിൽ നിന്നും, ചില എംപിമാർ രാജിവച്ച പശ്ചാത്തലത്തിൽ തൃണമൂലിൽ നിന്നും ഈ വിഷയത്തിൽ പ്രത്യേക പിന്തുണ ലഭിച്ചേക്കുമെന്നാണ് സൂചന. 2029 ഓടെ രാജ്യത്ത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിന്റെയും മണ്ഡലപുനർനിർണയ പ്രക്രിയ വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.








