വെടിനിർത്തലിനിടെ ലെബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം. തലസ്ഥാനമായ ബെയ്റൂത്തിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ദാഹിയ മേഖലയിൽ മൂന്ന് തവണ ആക്രമണം ഉണ്ടായി. ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
അതേസമയം ഗൾഫ് മേഖലയിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് ഇറാന്റെ വിദേശ ആസ്തികളുപയോഗിച്ച് നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രമങ്ങൾ അമേരിക്ക ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. കുവൈത്തിലും ബഹ്റൈനിലും ഖത്തറിലുമെല്ലാം ഇറാൻ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ എത്രയെന്ന് കണക്കാക്കാനായി യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഒരു സംഘത്തോട് നിർദ്ദേശിച്ചതായാണ് വിവരം.ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാർ യാഥാർത്ഥ്യമാകണമെങ്കിൽ അമേരിക്ക മരവിപ്പിച്ച ഇറാന്റെ 2400 കോടി ഡോളറിന്റെ ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്റെ പരമോന്നത നേതാവായ മുജ്തബ ഖമനയിയുടെ ഉപദേഷ്ടാവ് മൊഹ്സിൻ റെസായ് ഇന്നലെ പറഞ്ഞതിനു പിന്നാലെയാണ് അമേരിക്കയുടെ നീക്കം. ഇന്നലെ ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്കു നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണശ്രമങ്ങളെ തുടർന്ന് അമേരിക്ക ഇറാന്റെ റഡാർ കേന്ദ്രങ്ങൾ തകർത്തിരുന്നു. ഇതിനു പിന്നാലെ ഇറാൻ കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിച്ചിരുന്നു.








