രാജ്യത്തെ മുഖ്യമന്ത്രിമാരിലെ സമ്പന്നനാണ് ഡി കെ ശിവകുമാര്‍. 1400 കോടിയിലധികമാണ് ഡി കെ ശിവകുമാറിന്റെയും കുടുംബത്തിന്റേയും ആസ്തി. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ഉള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ റഡാറിലുള്ള രാഷ്ട്രീയനേതാവുകൂടിയാണ് ഡി കെ ശിവകുമാര്‍.
ഇതുവരെ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവായിരുന്നു രാജ്യത്തെ മുഖ്യമന്ത്രിമാരിലെ മുഖ്യസമ്പന്നന്. 931 കോടിയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. കര്‍ണാടകയില്‍ മുഖ്യമന്ത്രി ആയതോടെ ഇനി മുഖ്യമന്ത്രിമാരിലെ സമ്പന്നന് ഡി കെ ശിവകുമാറാണ്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്കിയ രേഖകള്‍ പ്രകാരം 1413.78 കോടി രൂപയാണ് ഡി കെ ശിവകുമാറിന്റെ ആസ്തി. ലോകോത്തര ബ്രാന്‍ഡുകളുടെ വസ്ത്രങ്ങളും വാച്ചും ഉള്‍പ്പെടെ ധരിച്ചാണ് ഡി കെ ശിവകുമാര്‍ മിക്കപ്പോഴും പൊതുവേദികളിലെത്തുക. തന്റെ സമ്പത്ത് പരസ്യപ്പെടുത്താന്‍ മടിയില്ലെന്ന് ഡി കെ ശിവകുമാര്‍ മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഡി കെ ശിവകുമാറിനും ചന്ദ്രബാബു നായിഡുവിനും ശേഷം മുഖ്യമന്ത്രിമാരിലെ സമ്പന്നന് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ്. മൂവരും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍. ആസ്തിയേറെയുള്ള ഡി കെ ശിവകുമാര്‍, കേന്ദ്ര ഏജന്‍സികളുടെ നോട്ടപ്പുള്ളിയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2019 ല്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡി കെ ശിവകുമാര്‍ അമ്പത് ദിവസത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. നേരത്തെ ഡി കെ ശിവകുമാറിന്റെ സമ്പത്തുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ സിബിഐ അന്വേഷണത്തിനുള്ള അനുമതി റദ്ദാക്കിയിരുന്നു.








