Headlines

വീണ്ടും യുദ്ധം? കുവൈത്തിലും ബഹ്റൈനിലും ഇറാന്റെ ആക്രമണം; തിരിച്ചടിച്ച് യുഎസ്, എണ്ണവില കൂടുന്നു, സ്വർണവും ഓഹരിയും താഴേക്ക്

 

സമാധാന നീക്കങ്ങൾ തുലാസിലാക്കി പശ്ചിമേഷ്യ വീണ്ടും യുദ്ധകലുഷിതമാകുന്നു. അമേരിക്കയുടെ പ്രകോപനത്തിന് മറുപടിയെന്നോണം കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് താവളങ്ങൾക്കു നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഇറാന്റെ ഡ്രോണുകളെല്ലാം തടുത്തിട്ടുവെന്ന് കുവൈത്ത് സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി. ബഹ്റൈനിലെ സേനാകേന്ദ്രം ആക്രമിച്ചെന്ന ഇറാന്റെ വാദം കള്ളമാണെന്ന് യുഎസ് സെൻട്രൽ കമാൻഡും അറിയിച്ചു.

 

എണ്ണവില വീണ്ടും കൂടുന്നു

പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഖെഷം ദ്വീപ് എന്നിവിടങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് കുവൈത്തിലും ബഹ്റൈനിലും ആക്രമണം നടത്തിയതെന്ന് ഇറാന്റെ ദേശീയ മാധ്യമമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (ഐആർഐബി) അവകാശപ്പെട്ടത്. ഇറാനും യുഎസും പരസ്പരം ആക്രമണത്തിലേക്ക് വീണ്ടും കടന്നത് ക്രൂഡോയിൽ വില കൂടാനിടയാക്കി. യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 1.15% ഉയർന്ന് 94.84 ഡോളറിലെത്തി. ബ്രെന്റ് വില 1% ഉയർന്ന് 96.96 ഡോളറും.

 

ചർച്ച തുടരുമെന്ന് ട്രംപും റൂബിയോയും

 

യുഎസുമായി ഇനി ചർച്ചയൊന്നുമില്ലെന്ന് ഇതിനിടെ ഇറാനിയൻ മാധ്യമങ്ങൾ വ്യക്തമാക്കിയെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തള്ളി. ചർച്ചകൾ തുടരുകയാണെന്നും ഡീൽ യാഥാർഥ്യമാകുമെന്നും ഇരുവരും പറഞ്ഞു. ഇറാനും യുഎസും ആക്രമണം പുനരാരംഭിച്ചതും ഇറാൻ വീണ്ടും ഹോർമുസ് അടച്ചേക്കുമെന്ന റിപ്പോർട്ടുകളും എണ്ണവില വർധനയും ഓഹരി വിപണികൾക്കുമേൽ ആശങ്ക വിതയ്ക്കുന്നുണ്ട്.

 

ഓഹരികളിൽ ആശങ്ക

ഇന്ത്യയിൽ‌ ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിലേക്ക് വീണു. സെൻസെക്സും നിഫ്റ്റിയും ഇന്ന് നഷ്ടത്തിൽ തുടങ്ങുമെന്ന സൂചനയാണ് ഇത് നൽകുന്നത്. പ്രതിസന്ധിക്കിടയിലും ജാപ്പനീസ് നിക്കേയ് 2.52% ഉയർന്ന് റെക്കോർഡ് കുറിച്ചു. ഹോങ്കോങ് വിപണി 1.08% താഴ്ന്നു. ഷാങ്ഹായ് 0.20% ഉയർന്നു. കൊറിയൻ വിപണിക്ക് ഇന്ന് അവധിയാണ്. പശ്ചിമേഷ്യ വീണ്ടും ആശങ്കക്കയത്തിൽ ആയതോടെ യുഎസ് ഫ്യൂച്ചേഴ്സ് വിപണികൾ ഏറക്കുറെ ‘ഫ്ലാറ്റ്’ ആയിരുന്നു.

 

ഇന്ത്യയിൽ, സെൻസെക്സ് ഇന്നലെ കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ 382 പോയിന്റ് (+0.52%) ഉയർന്ന് 74,649ലും നിഫ്റ്റി 100 പോയിന്റ് (+0.43%) നേട്ടവുമായി 23,483ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക് തുടങ്ങി ഐടി ഓഹരികളാണ് ഇന്നലെ നേട്ടത്തെ നയിച്ചത്. ആഗോള ഐടി, എഐ കമ്പനികൾ കൈവരിച്ച നേട്ടമാണ് ഇന്ത്യയിലും പ്രതിഫലിച്ചത്.

 

ഉറ്റുനോട്ടം ഇന്ത്യ-യുഎസ് വ്യാപാരക്കരാറിലേക്ക്

 

ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ സംബന്ധിച്ച അവസാന റൗണ്ട് ചർച്ചകൾ ഡൽഹിയിൽ ഇന്നലെ തുടങ്ങി. വ്യാപാരക്കരാറിന്റെ ആദ്യഘട്ടം ഒപ്പുവയ്ക്കുന്നത് സംബന്ധിച്ചാണ് ചർച്ച. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് യുഎസിൽ ഈടാക്കുന്ന തീരുവയാണ് നിർണായക വിഷയം. അതേസമയം, ഇന്ത്യയ്ക്കെതിരെ സെക്ഷൻ 301 പ്രകാരം യുഎസ് നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവും ഇന്ത്യ ഉന്നയിക്കുന്നുണ്ട്. അനധികൃത കയറ്റുമതി നേട്ടം സ്വന്തമാക്കിയെന്ന് ആരോപിച്ചാണ് അന്വേഷണം. ഇക്കാര്യത്തിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യാനിടയില്ലെന്നും സൂചനകളുണ്ട്.

രൂപ തളർച്ചയിൽ

 

ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്നലെ 17 പൈസ താഴ്ന്ന് 95.36ൽ എത്തി. ആഗോളതലത്തിൽ ഡോളർ കരുത്താർജ്ജിച്ചതും എണ്ണവില വർധനയും രൂപയെ സമ്മർദത്തിലാക്കുകയായിരുന്നു.

 

സ്വർണം താഴേക്ക്?

 

രാജ്യാന്തര സ്വർണവില ഇന്നലത്തെ നിലവാരത്തിൽ നിന്ന് കാര്യമായ മാറ്റമില്ലാതെ നിൽക്കുന്നു. ഔൺസിന് 2 ഡോളർ മാത്രം ഉയർന്ന് 4478 ഡോളറാണ് ഇപ്പോൾ വില. ഇന്നലെ കേരളത്തിൽ വില മാറിയിരുന്നില്ല. ഇന്നും കാര്യമായ മാറ്റത്തിന് സാധ്യത വിരളം.