തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഇ ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയില്‍പാത പദ്ധതി സംസ്ഥാന സർക്കാർ പരിഗണിച്ചേക്കുമെന്ന സൂചനകൾക്കിടെ പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാതയ്ക്ക് അറുപതിനായിരം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ റെയിലിന് എതിരെ ഉയര്‍ന്നുവന്ന ജനകീയ പ്രതിഷേധം മുന്നില്‍ നില്‍ക്കെ, ജനകീയ പങ്കാളിത്തത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്നാണാണ് ഡിപിആറില്‍ പറയുന്നത്. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയാകും പദ്ധതി പൂര്‍ത്തീകരിക്കുകയെന്നുമാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.അനുമതി ലഭിച്ച ശേഷം 5 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. രണ്ടാം ഘട്ടത്തിൽ പദ്ധതി കണ്ണൂർ മുതൽകാസർകോട് വരെ നീട്ടും. പിന്നീട് ഭാവി വികസനമെന്ന നിലയിൽ തുടർന്നുള്ള ഘട്ടങ്ങളിൽ കോഴിക്കോട് മുതൽ കൽപ്പറ്റ വരെയും പട്ടാമ്പി മുതൽ പാലക്കാട് വരെയും തൃശ്ശൂർ മുതൽ പാലക്കാട് വരെയും നീട്ടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് വരെ 473.20 കിലോമീറ്റർ നീളമുള്ള ഇരട്ടപ്പാത (Double Line) ഹൈസ്പീഡ് റെയിൽ.
ആകെ 23 സ്റ്റേഷനുകൾ.
തിരുവനന്തപുരം നഗരത്തിലെ 6.5 കിലോമീറ്റർ ഭാഗം തുരങ്കത്തിലൂടെയും (Tunnel), ശേഷിക്കുന്ന മുഴുവൻ പാതയും ഉയർന്ന പാതയിലൂടെയും (Elevated) ആയിരിക്കും.
കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളെ ഈ പാത ബന്ധിപ്പിക്കും. കണ്ണൂർ വിമാനത്താവളത്തിലേക്ക് 10 കിലോമീറ്റർ പ്രത്യേക റോഡ് സൗകര്യവും ഉണ്ടായിരിക്കും.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ യാത്രാസമയം 3 മണിക്കൂർ 30 മിനിറ്റ്.
സാങ്കേതിക സവിശേഷതകൾ
സ്റ്റാൻഡേർഡ് ഗേജിലാണ് (Standard Gauge) പാത നിർദ്ദേശിച്ചിരിക്കുന്നത്.
ഇതിലൂടെ നിർമാണച്ചെലവും പ്രവർത്തനച്ചെലവും കുറയ്ക്കാൻ സാധിക്കും.
ലോകത്തിലെ വികസിത രാജ്യങ്ങൾ ഹൈസ്പീഡ് റെയിലിനായി പ്രധാനമായും സ്റ്റാൻഡേർഡ് ഗേജ് ഉപയോഗിക്കുന്നു.
ഇ ശ്രീധരന്റെ റെയിൽ പദ്ധതിയുടെ അടിസ്ഥാന വിവരങ്ങൾ
സ്റ്റേഷനുകളും സേവന പരിധിയും
ശരാശരി സ്റ്റേഷൻ അകലം 21.5 കിലോമീറ്റർ.
ഏകദേശം 20 കിലോമീറ്റർ വീതിയും 500 കിലോമീറ്റർ നീളവുമുള്ള പ്രദേശത്തെ ജനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടും.
ട്രെയിൻ വേഗത
പരമാവധി ഡിസൈൻ വേഗത: 200 കി.മീ/മണിക്കൂർ.
പരമാവധി പ്രവർത്തന വേഗത: 180 കി.മീ/മണിക്കൂർ.
ശരാശരി വാണിജ്യ വേഗത: 140 കി.മീ/മണിക്കൂർ.
ട്രെയിൻ സൗകര്യങ്ങൾ
ഓരോ ട്രെയിനിലും 12 കോച്ചുകൾ.
ആകെ 800 സീറ്റുകൾ.
ഭാവിയിൽ 16 കോച്ചുകളാക്കി വർധിപ്പിക്കാനാകും.
പ്ലാറ്റ്ഫോമുകൾ 16 കോച്ച് ട്രെയിനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു.
സർവീസ് ആവൃത്തി
തിരക്കേറിയ സമയങ്ങളിൽ (രാവിലെ 6 മുതൽ 11 വരെ, വൈകിട്ട് 4 മുതൽ 8 വരെ) 20 മിനിറ്റിൽ ഒരിക്കൽ ട്രെയിൻ.
മറ്റ് സമയങ്ങളിൽ 40 മിനിറ്റിൽ ഒരിക്കൽ.
പ്രതിദിന യാത്രക്കാരുടെ ശേഷി: 54,400 പേർ.
ഭാവിയിൽ തിരക്കേറിയ സമയങ്ങളിൽ 5 മിനിറ്റിലും, മറ്റ് സമയങ്ങളിൽ 10 മിനിറ്റിലും ട്രെയിൻ ഓടിക്കാൻ കഴിയും. അപ്പോൾ പ്രതിദിന ശേഷി 2.28 ലക്ഷം യാത്രക്കാർ.
യാത്രാ ക്രമീകരണം
നിൽക്കുന്ന യാത്രക്കാരെ അനുവദിക്കില്ല.
എല്ലാ യാത്രകളും മുൻകൂട്ടി സീറ്റ് റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും.
ഭൂമി ഏറ്റെടുക്കൽ
നിർമാണത്തിനായി വെറും 20 മീറ്റർ വീതിയുള്ള ഭൂമി മാത്രം ആവശ്യമാണ്.
നിർമാണം പൂർത്തിയായ ശേഷം ചില വ്യവസ്ഥകളോടെ ഭൂമി ഉടമകൾക്ക് പാട്ടത്തിന് (Lease) തിരിച്ചുനൽകാൻ കഴിയും.
ഊർജ്ജവും പരിസ്ഥിതിയും
മുഴുവൻ വൈദ്യുതി ആവശ്യവും പ്രത്യേക സൗരോർജ്ജ സംവിധാനത്തിലൂടെ (Captive Solar System) നിറവേറ്റും.
അധിക വൈദ്യുതി കെഎസ്ഇബിക്ക് വിൽക്കും.
പദ്ധതി ലോകത്തിലെ ആദ്യത്തെ ഗ്രീൻ റെയിൽ കോറിഡോർ ആകുമെന്നാണ് പദ്ധതി.
ചെലവും ധനസമാഹരണവും
ആകെ പദ്ധതിച്ചെലവ്: ₹60,000 കോടി
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 51:49 അനുപാതത്തിൽ ₹36,000 കോടി നിക്ഷേപിക്കും.
ശേഷിക്കുന്ന ₹24,000 കോടി ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിക്കാനാണ് നിർദേശം.
ഒരു കിലോമീറ്ററിന് ശരാശരി ചെലവ്: ₹127 കോടി.
നിർമാണ കാലാവധി
അനുമതി ലഭിച്ച ശേഷം 5 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് കണക്ക്.
ഭാവി വികസനം
രണ്ടാം ഘട്ടത്തിൽ കണ്ണൂർ മുതൽകാസർകോട് വരെ നീട്ടും.
തുടർന്നുള്ള ഘട്ടങ്ങളിൽ കോഴിക്കോട് മുതൽ കൽപ്പറ്റ വരെയും പട്ടാമ്പി മുതൽ പാലക്കാട് വരെയും തൃശ്ശൂർ മുതൽ പാലക്കാട് വരെയും നീട്ടും.








