നവകേരളാ യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്ന് സുരക്ഷാസേനാംഗങ്ങൾ കൂടി മുൻകൂർ ജാമ്യാപേക്ഷ നൽകി. എസ്ഐടി പ്രതി ചേർത്ത ഷൈജു, വിപിൻ, അരുൺ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ ജൂൺ രണ്ടിന് പരിഗണിക്കും. മൂവർക്കുമെതിരെയുള്ളത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്.ഗൺമാൻ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷനെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. എസ്ഐടി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പൂർണമല്ലെന്നും ജാമ്യം ലഭിക്കുന്ന വകുപ്പുകളിൽ എന്തിന് മുൻകൂർ ജാമ്യമെന്നും കോടതി പറഞ്ഞു. ഹർജി കോടതി തീർപ്പാക്കുകയും ചെയ്തിരുന്നു.ജാമ്യഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ, ചുമത്തിയ വകുപ്പുകൾ ചേർത്തിരുന്നുമില്ല. ഇതോടെ പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി ശകാരിച്ചു. വകുപ്പുകൾ ചേർക്കാത്ത റിപ്പോർട്ട് എന്തിന് കോടതിയിൽ നൽകിയെന്നായിരുന്നു ചോദ്യം.ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ഉള്ള കുറ്റത്തിന് എന്തിനു മുൻകൂർ ജാമ്യഹർജി പരിഗണിക്കണമെന്ന ചോദ്യത്തോടെ കോടതി ഹർജി തീർപ്പാക്കുകയായിരുന്നു. കേസിൽ പ്രതികളായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്പെൻഡ് ചെയ്തിരുന്നു.






