പശ്ചിമ ബംഗാൾ ഫാൽത്ത മണ്ഡലത്തിലെ റീ പോളിങിന് രണ്ട് ദിവസം ശേഷിക്കെ, തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പിൻവാങ്ങി. ജഹാംഗീർ ഖാനാണ് മത്സരത്തിന് ഇല്ലെന്ന് അറിയിച്ചത്. മണ്ഡലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനാണ് പിൻവാങ്ങുന്നതെന്നാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രതികരണം. ഈ മാസം ഇരുപത്തിയൊന്നിനാണ് ഫാൽത്തയിൽ റീപോളിംഗ് നിശ്ചയിച്ചിരുന്നത്.
തൻ്റെ ലക്ഷ്യം വികസനമാണെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി മണ്ഡലത്തിനായി പ്രത്യേക പാക്കേജ് തയ്യാറാക്കുന്നുണ്ട് എന്ന് ജഹാംഗീർ ഖാൻ പറഞ്ഞു. ജഹാംഗീറിന്റെ തീരുമാനം വ്യക്തിപരമെന്നാണ് തൃണമൂൽ കോൺഗ്രസിൻ്റെ പ്രതികരണം. ജഹാംഗീർ ഖാൻ ഭരണകക്ഷിയിൽ നിന്ന് ഭീഷണി നേരിട്ടുണ്ടാകാം എന്നും സൂചിപ്പിച്ച് പാർട്ടി പ്രസ്താവനയിറക്കി.അഭിഷേക് ബാനർജി പ്രതിനിധീകരിക്കുന്ന ഡയമണ്ട് ഹാർബർ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് ഫാൽത്ത വരുന്നത്. റീപോളിംഗിന് മുന്നോടിയായി പ്രചാരണ വേളയിൽ മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഇല്ലാതിരുന്നതാണ് സംസ്ഥാനത്തെ രാഷ്ട്രീയ വൃത്തങ്ങളിൽ ഒരു പ്രധാന ചർച്ചാവിഷയമായി മാറിയിരുന്നു.
വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, ബൂത്ത് പിടുത്തം, ഇവിഎം തകരാറിലാക്കൽ തുടങ്ങിയ ഗുരുതരമായ ജനാധിപത്യ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഫാൽത്തയിലെ ആദ്യ വോട്ടെടുപ്പ് പൂർണ്ണമായും റദ്ദാക്കുകയായിരുന്നു. തുടർന്ന് മണ്ഡലത്തിലെ 285 ബൂത്തുകളിലും മെയ് 21-ന് പുതിയതായി വോട്ടെടുപ്പ് നടത്താൻ കമ്മീഷൻ ഉത്തരവിടുകയായിരുന്നു.







