സംസ്ഥാനത്തെ മന്ത്രിമാർക്ക് ഔദ്യോഗിക വസതികളായി. പൊതുഭരണവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ പമ്പയാണ് രമേശ് ചെന്നിത്തലയുടെ വസതി. കെ മുരളീധരന് സാനഡുവും സണ്ണി ജോസഫിന് അശോകയും ലഭിച്ചു. ഒ ജെ ജനീഷിന് മൻമോഹൻ ബംഗ്ലാവ് ലഭിച്ചു. വിശ്വാസ തർക്കത്തെ തുടർന്ന് പല മന്ത്രിമാരും മൻമോഹൻ ബംഗ്ലാവിൽ താമസിച്ചിരുന്നില്ല. മന്ത്രിമാരങ്ങളുമായി ബന്ധപ്പെട്ട് തർക്കങ്ങൾക്കൊടുവിലാണ് തീരുമാനം.(Ministers get official residences)
നിള, സാനഡു, ഗ്രേസ് എന്നീ വസതികൾക്ക് ആവശ്യക്കാരേറെ വന്നത് തർക്കത്തിന് കാരണമായിരുന്നു. ഒരു വസതിക്ക് അവകാശവാദം ഉന്നയിച്ച് മൂന്നു മന്ത്രിമാർ രംഗത്തെത്തിയിരുന്നു. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മുഖ്യമന്ത്രി വി ഡി സതീശൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാറുന്നത് ഒരാഴ്ച വൈകും. മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ 3.96 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. മൻമോഹൻ ബംഗ്ലാവിന്റെ നവീകരണത്തിന് മാത്രം 81 ലക്ഷത്തിന്റെ എസ്റ്റിമേറ്റ്.ഇന്നലെ മന്ത്രിമാർക്ക് നൽകിയ വാഹന നമ്പറുകളും താൽക്കാലികമാണ്. 51ാം നമ്പർ വേണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. 11 -നായി കെ മുരളീധരൻ രംഗത്തുണ്ട്. 9 വേണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. അതേസമയം 13 ആർക്കും വേണ്ട. ഇന്നലെ 13ാം നമ്പർ കാർ ടൂറിസം വകുപ്പ് ഇറക്കിയില്ല. ആരും അത് ആവശ്യപ്പെട്ടില്ല എന്നാണ് വിശദീകരണം.







