കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷക വേഷവും വെള്ള ബാൻഡും ധരിച്ച് ഹാജരായ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ എൻറോൾമെന്റും പ്രാക്ടീസ് സ്റ്റാറ്റസും സംബന്ധിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) പശ്ചിമ ബംഗാൾ ബാർ കൗൺസിലിനോട് വിശദമായ വിവരങ്ങൾ തേടി. 48 മണിക്കൂറിനകം ബിസിഐയ്ക്ക് സമർപ്പിക്കാൻ പശ്ചിമബംഗാൾ ബാർ കൗൺസിലിനോട് നിർദേശിച്ചു.
ടിഎംസിയുടെ ഓഫീസുകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസിൽ വാദിക്കാനാണ് മമത വ്യാഴാഴ്ച കൊൽക്കത്ത ഹൈക്കോടതിയിലെത്തിയത്. എന്നാൽ മമത ബാനർജിയുടെ എൻറോൾമെന്റ്, സ്റ്റേറ്റ് റോളിൽ തുടരൽ, പ്രാക്ടീസ് സസ്പെൻഷൻ അല്ലെങ്കിൽ അവസാനിപ്പിക്കൽ, എന്തെങ്കിലും ഉണ്ടെങ്കിൽ, തുടർന്നുള്ള പ്രാക്ടീസ് പുനരാരംഭം എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ ബിസിഐ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമന്തോ സെൻ സംസ്ഥാന ബാർ കൗൺസിലിനോട് നിർദ്ദേശിച്ചു.
കോടതികളിൽ ഹാജരാകുന്ന അഭിഭാഷകരുടെ പ്രൊഫഷണൽ പെരുമാറ്റവും നിർദ്ദിഷ്ട വസ്ത്രധാരണ രീതിയും നിയന്ത്രിക്കുന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിയമങ്ങളെ പരാമർശിച്ചുകൊണ്ട്, മമത ബാനർജിയുടെ യഥാർത്ഥ പ്രാക്ടീസ് സ്റ്റാറ്റസ് പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് ബിസിഐ പറഞ്ഞു.
നിലവിലെ സമ്പ്രദായം അനുസരിച്ച്, ഭരണഘടനാപരമായ പദവി വഹിക്കുന്നതോ വേതനമുള്ള ജോലി ചെയ്യുന്നതോ ആയ വ്യക്തി, ആ സേവനകാലത്ത് ബാർ ലൈസൻസ് റദ്ദാക്കേണ്ടതുണ്ട്. പിന്നീട് പുതുക്കേണ്ടതുണ്ട്. ഇത് മമത ബാനർജി പാലിച്ചിരുന്നോ എന്നാണ് ബിസിഐ തേടുന്നത്.








