മലയാള ഗാനങ്ങള്‍ പാടി ശ്രദ്ധേയനായ അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. മലയാള ഗാനങ്ങള്‍ പാടുന്ന അമേരിക്കന്‍ ഗായകനെന്ന നിലയില്‍ ഗ്രേഡിയുടെ ഗാനങ്ങള്‍ വൈറലായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ടിലെ ‘ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍’ എന്ന ഗാനമാണ് ആദ്യം വൈറലായത്. വാരിക്കുഴിയിലെ കൊലപാതകം എന്ന മലയാള ചിത്രത്തില്‍ പാടിയിട്ടുണ്ട്. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം അടക്കമുള്ള മലയാള ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു. മലയാളിയായ ഹരിപ്പാട് സ്വദേശി സുജയാണ് ജീവിതപങ്കാളി. (Grady Long american singer who sings malayalam songs passed away)
മലയാള സിനിമയില്‍ ഒരു ഗാനം ആലപിച്ച ആദ്യ അമേരിക്കന്‍ ഗായകന്‍ കൂടിയാണ് ഗ്രേഡി ലോങ്. ഭാര്യ സുജ വഴിയാണ് ഗ്രേഡി മലയാള ഗാനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയതും ഇഷ്ടപ്പെടാന്‍ തുടങ്ങിയതും. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായ് എന്ന പ്രശസ്തഗാനം സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെ സാന്നിധ്യത്തില്‍ ഗ്രേഡി ആലപിച്ചതും വൈറലായിരുന്നു. ഇത് ജെറിയ്ക്കും ഗ്രേഡിയ്ക്കുമിടയില്‍ ഒരു ഊഷ്മള സൗഹൃദത്തിനും കാരണമായി.അമേരിക്കയിലെ വീട് വിറ്റ് കേരളത്തിലേക്ക് ഗ്രേഡിയും സുജയും വന്ന ഘട്ടത്തില്‍ സംവിധായകന്‍ ആന്റണി സോണി ഗ്രേഡിയെ സംഗീത സംവിധായകന്‍ മെജോ ജോസഫിനെ പരിചയപ്പെടുത്തുകയായിരുന്നു. ഇതുവഴി വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തില്‍ മെജോ ഈണമിട്ട തീം സോംഗ് ആലപിക്കാന്‍ ഗ്രേഡിക്ക് അവസരം ലഭിക്കുകയായിരുന്നു. ഗ്രേഡി ആലപിച്ച മലയാളം ഗാനങ്ങള്‍ക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ഏറെയാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ആരാധകര്‍ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.








