രാജ്യത്ത് ഇന്ധന വില വർധിപ്പിക്കുന്നത് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമെന്ന സൂചന നൽകി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. എണ്ണ കമ്പനികളുടെ നഷ്ടം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. രണ്ടുദിവസത്തിനകം പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ചു രൂപ വർദ്ധിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്ത് ഇപ്പോഴത്തെ ഇന്ധന വില തൽസ്ഥിതിയിൽ നിലനിർത്താനാണ് ആഗ്രഹിക്കുന്നത് എന്ന് കേന്ദ്രം പറയുമ്പോഴും വില വർധിപ്പിക്കാൻ നിർബന്ധിത സാഹചര്യമുണ്ടെന്ന് കേന്ദ്രം കണക്കാക്കിക്കഴിഞ്ഞു. എണ്ണ വിപണന കമ്പനികള്‍ പ്രതിദിനം 1,000 കോടി രൂപ നഷ്ടം നേരിടുന്നു എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞത്. പക്ഷേ ഇന്ധന ക്ഷാമം ഇല്ലാത്തതിനാൽ വില്പനയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ല. വിതരണത്തിന് തടസമില്ലെന്ന് എണ്ണ കമ്പനികളും അറിയിപ്പ് നൽകി.
ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ 50 രൂപയുടെ വർധനവും ഉടൻ ഉണ്ടായേക്കും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം നിയന്ത്രിക്കുന്നതിന് സാധ്യമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി കൂടിയാലോചനകൾ നടത്തിയിരുന്നു. രാജ്യത്ത് എൽപിജിയുടെ ആവശ്യകത പ്രതിദിനം 90000 മെട്രിക് ടണ്ണിൽ നിന്ന് 75000 മെട്രിക് ടണ്ണിലേക്ക് കുറഞ്ഞിട്ടുണ്ട്. ആഭ്യന്തര ഉത്പാദനം പ്രതിദിനം 54000 മെട്രിക് ടണ്ണിലേക്ക് വർധിച്ചു.








