എടപ്പാൾ ∙ പാചകവാതക വിലവർധനയെ തുടർന്നു ഹോട്ടലുകളിലെ അടുക്കളയുടെ മുഖഛായ മാറുന്നു. ഗ്യാസിന്റെ വില വർധനയും സിലിണ്ടറുകളുടെ ലഭ്യതക്കുറവും മൂലം ഗ്രാമീണ മേഖലകളിലെ വരെ പല ഹോട്ടലുകളും അടച്ചിടേണ്ട സ്ഥിതിയിലാണ്. ഈ സാഹചര്യത്തിൽ പലരും അടുക്കളകളിൽ വിറക് അടുപ്പുകൾ നിർമിച്ചാണ് പാചകം നടത്തി വരുന്നത്. എന്നാൽ ആധുനിക രീതിയിൽ നിർമിച്ച ഹോട്ടലുകളുടെ അടുക്കളകളിൽ വിറകടുപ്പ് നിർമിക്കാൻ ബുദ്ധിമുട്ടുണ്ട്.
ഇത്തരക്കാർക്ക് ഉപയോഗിക്കാനായി ഇരുമ്പിൽ നിർമിച്ച പുതിയ തരം അടുപ്പുകൾ വിപണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. വിറക് ഉപയോഗിക്കാവുന്ന രീതിയിൽ ഇരുമ്പുകൊണ്ട് നിർമിച്ച ഇവ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി വയ്ക്കാനും സാധിക്കും. ചായ ഉണ്ടാക്കുന്നതിനും പൊറോട്ടയും ദോശയും ഉൾപ്പെടെ ഉണ്ടാക്കുന്നതിനും വ്യത്യസ്തമായ ആകൃതിയിലാണ് ഇവയുടെ നിർമാണം. അടുപ്പിൽനിന്ന് പുക പുറത്തേക്ക് പോകാൻ ഫാനുകളും ഘടിപ്പിച്ചിട്ടുണ്ട്.വലുപ്പത്തിന് അനുസരിച്ച് 1000 മുതൽ 2000 രൂപ വരെയാണ് വില. പുതിയ സാഹചര്യത്തിൽ ഹോട്ടൽ ഉടമകൾക്ക് ഏറെ ആശ്വാസമാവുകയാണ് ഇത്തരം അടുപ്പുകൾ. ആയിരത്തോളം രൂപയുടെ വില വർധനയാണ് ഒരു സിലിണ്ടറിന്റെ മുകളിൽ ഉണ്ടായിരിക്കുന്നത്. ഇതുതന്നെ ലഭിക്കുന്നുമില്ല. 19 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് നിലവിൽ 3500 രൂപ വരെ ചെലവ് വരുന്നു. സാധാരണ ഗ്രാമങ്ങളിലെ ചെറുകിട ഹോട്ടലുകളിൽ വരെ ആഴ്ചയിൽ രണ്ടു സിലിണ്ടറുകൾ ചെലവാകുന്നുണ്ട്. ഇത്തരത്തിൽ 7000 രൂപയ്ക്ക് മുകളിൽ ഗ്യാസ് സിലിണ്ടറിന് മാത്രം ചെലവഴിക്കേണ്ടി വരും. ഈ പ്രതിസന്ധി മറികടക്കാൻ ആണ് പുതിയ സംവിധാനം പരീക്ഷിക്കുന്നത്. പാചകവാതക ക്ഷാമം മൂലം അടച്ചിട്ടിരിക്കുന്ന കടകളിൽ പലതും പുതിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി തുറന്നു പ്രവർത്തിക്കാനുള്ള നീക്കത്തിലാണ്.






