Headlines

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

 

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ഡോണള്‍ഡ് ട്രംപ്. അതിവേഗം സമാധാന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും മുന്നറിയിപ്പ്. അമേരിക്ക വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇറാന്‍ പ്രതികരിച്ചു. ഐക്യരാഷ്ട്ര സഭയില്‍ ഇറാനെതിരായ പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

 

 

അമേരിക്ക മുന്നോട്ടുവച്ച 14 ഇന സമാധാന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ പരിശോധിച്ചു പ്രതികരണം അറിയിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ക്കു നേരെ ഇറാന്‍ മിസൈലുകളും ഡ്രോണുകളും ഗണ്‍ ബോട്ടുകളും ഉപയോഗിച്ച് ആക്രമിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അതിവേഗം കരാര്‍ ഒപ്പിട്ടില്ലെങ്കില്‍

ഇറാനെ ആക്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കി.അതേസമയം, അമേരിക്ക വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നും ഇറാന്റെ രണ്ട് കപ്പലുകളെ ആക്രമിച്ചതായും ഇറാന്‍ സൈന്യം കുറ്റപ്പെടുത്തി. അമേരിക്ക തെക്കന്‍ ഇറാനിലെ ജനവാസപ്രദേശങ്ങളിലേക്ക് ആക്രമണം നടത്തിയതായും ഇറാന്‍. യുദ്ധം അവസാനിക്കുകയും ഇറാനെതിരായ നാവിക ഉപരോധമടക്കം പിന്‍വലിച്ചാല്‍ മാത്രമേ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം സാധാരണനിലയിലാകുകയുള്ളുവെന്ന്

ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി.

 

അതിനിടെ, ഐക്യരാഷ്ട്ര സഭയില്‍ ഇറാന്‍ ഹോര്‍മുസില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തിന് അമേരിക്ക രാഷ്ട്രങ്ങളുടെ പിന്തുണ തേടി. റഷ്യയും ചൈനയും പ്രമേയത്തെ വീറ്റോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമ്പോഴും തെക്കന്‍ ലെബനോണിലേക്കുള്ള ഇസ്രയേലി ആക്രമണം തുടരുകയാണ്.