Headlines

കുറ്റ്യാടിയില്‍ വീടിനുളളില്‍ പാമ്പുകള്‍; ഒറ്റ ദിവസം കണ്ടെത്തിയത് അഞ്ച് ശംഖുവരയൻ പാമ്പുകളെ

കോഴിക്കോട്: കുറ്റ്യാടിയില്‍ വീടിനുളളില്‍ പാമ്പുകളെ കണ്ടെത്തി. കാപ്പുമ്മല്‍ രമേശിന്റെ വീട്ടില്‍ നിന്നാണ് ഒരേ ദിവസം അഞ്ച് പാമ്പുകളെ പിടികൂടിയത്. കുട്ടികള്‍ കിടക്കുന്ന വിരിപ്പിന് സമീപത്തുനിന്നാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയത്.

അതിനിടെ പേരാമ്പ്രയില്‍ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിലില്‍ അഞ്ജലി എന്ന യുവതിക്കാണ് കടിയേറ്റത്. യുവതി അപകടനില തരണം ചെയ്‌തെന്ന് വീട്ടുകാര്‍ അറിയിച്ചു. വീടിന്റെ ബാത്‌റൂമില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

കോഴിക്കോട് പൂനൂരിലും പാമ്പുകടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൂനൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മുഹമ്മദ് അന്‍സാറിനാണ് പാമ്പുകടിയേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കിടക്കയില്‍ പാമ്പിനെ കണ്ടതോടെ ശരീരം പരിശോധിച്ചപ്പോഴാണ് കടിയേറ്റിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂര്‍ പട്ടുവത്ത് പാമ്പ് കടിയേറ്റ വയോധിക ഗുരുതരാവസ്ഥയിലാണ്. പട്ടുവും കാവുങ്കലിലെ നമ്പ്രോന്‍ നാരായണി പരിയാരത്താണ് ചികിത്സയിലുളളത്. ഇന്നലെ വൈകുന്നേരമാണ് നാരായണിക്ക് കടിയേറ്റത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത് എന്നാണ് നിഗമനം.പട്ടുവത്ത് പാമ്പ് കടിയേറ്റ് മറ്റൊരു വയോധിക ഇന്നലെ മരിച്ചിരുന്നു. മുതുകുട സ്വദേശി നഫീസയാണ് മരിച്ചത്. നഫീസയുടെ വീട്ടില്‍ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വീട്ടിനകത്ത് നിറയെ മാളങ്ങള്‍ ഉളളതായി കണ്ടെത്തി. നഫീസയെയും ശംഖുവരയനാണ് കടിച്ചതെന്നാണ് സംശയം.

ഇടുക്കി തൊടുപുഴയില്‍ പുരയിടം വൃത്തിയാക്കുന്നതിനിടെ വയോധിക പാമ്പുകടിയേറ്റ് മരിച്ചിരുന്നു. കാഞ്ഞാര്‍ താനിയ്ക്കപ്പാറയില്‍ വിശാലാക്ഷി(86)ആണ് മരിച്ചത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വിശാലാക്ഷി പാമ്പുകടിയേറ്റ ഉടന്‍ അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞയുടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.