Headlines

വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം; അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒയെ നീക്കി

ആലപ്പുഴ കായംകുളത്തെ വാഹനാപകടത്തിനിടെ യുവതിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിന്ന് എസ്എച്ച്ഒ യെ നീക്കി. എസ്എച്ച്ഒയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. (Sexual assault on woman during accident)

എന്നാല്‍ പൊലീസിന് വീഴ്ചയില്ലെന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ഡിജിപിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിലിനെതിരെ ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വകുപ്പുകളെന്ന് എസ്പി വ്യക്തമാക്കി. നോട്ടീസ് നല്‍കി വിട്ടയച്ചത് വകുപ്പുകളുടെ അടിസ്ഥാനത്തിലെന്നും പറയുന്നു. ഗുരുതര പരാതിയുണ്ടായിട്ടും സിനിലിനെ വിട്ടയച്ചത് വിവാദമായിരുന്നു. കേസെടുക്കുന്നതില്‍ കാലതാമസം വന്നിട്ടില്ലെന്നും ഏഴു വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷ ആയതിനാല്‍ പ്രതിക്ക് നോട്ടിസ് നല്‍കി വിട്ടയക്കുകയായിരുന്നുവെന്നുമാണ് വിശദീകരണം.സ്റ്റേഷന്‍ ജാമ്യം നല്‍കി പൊലീസ് വിട്ടയച്ച പ്രതി സിനില്‍ സബാദ് ഒളിവിലാണ്. സിനിലിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയെന്ന് അറിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി സിനിലനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സമിതിയുടെ കായംകുളം യൂണിറ്റ് പ്രസിഡന്റായിരുന്നു.

കഴിഞ്ഞ നാലിനായിരുന്നു സംഭവം. യുവതി സഞ്ചരിച്ച വാഹനം കായംകുളം കെപിഎസി ജംഗ്ഷന് സമീപം രാത്രി പന്ത്രണ്ടരയോടെ അപകടത്തില്‍ പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സംഘത്തില്‍ സിനില്‍ സബാദുമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയുടെ ശരീരത്തില്‍ ലൈംഗിക ചുവയോടെ സ്പര്‍ശിച്ചെന്നാണ് പരാതി. സംഭവ ദിവസം തന്നെ യുവതി പരാതി പൊലീസിനെ അറിയിച്ചെങ്കിലും നടപടി എടുത്തില്ലെന്നായിരുന്നു വിമര്‍ശനം. കായംകുളം പൊലീസ് ആരോപണ വിധേയന് നോട്ടീസ് നല്‍കി വിട്ടയക്കുകയായിരുന്നു. കേസ് ഒതുക്കി തീര്‍ക്കാന്‍ സിനില്‍ ഉന്നത ഇടപെടല്‍ നടത്തിയെന്നും ആരോപണമുണ്ട്.