2026 ഫിഫ ലോക കപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായി അര്‍ജന്റീന ടീം വീണ്ടും സന്നാഹമത്സരങ്ങള്‍ കളിക്കും. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസ്, യൂറോപ്യന്‍ രാജ്യമായ ഐസ്ലാന്‍ഡ് ടീമുകളോടായി രണ്ട് വാംഅപ് മത്സരങ്ങളായിരിക്കും ലോക ചാമ്പ്യന്മാര് കളിക്കുക. അര്‍ജന്റീനാ ഫു ട്ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജൂണ്‍ ആറിന് യുഎസ്എയിലെ ടെക്സാസിലായിരിക്കും ഹോണ്ടുറാസുമായുള്ള മത്സരം. ഒമ്പതാം തീയ്യതി മൂന്നു ദിവസത്തിനുശേഷം അലാബാമയിലെ ജോര്‍ദാസ് ഹെയര്‍ സ്റ്റേഡിയത്തിലായിരിക്കും ഐസ്ലാന്ഡിനെ നേരിടുക. ലോകകപ്പിന് മുന്‍പ് മികച്ച സന്നാഹമത്സരങ്ങള്‍ അര്‍ജന്റീനക്ക് ലഭിച്ചിട്ടില്ലെന്ന മാനേജ്മെന്റിന്റെ വിലയിരുത്തലിന് ശേഷമാണ് രണ്ട് പ്രാക്ടീസ് മാച്ചുകള്‍ കളിക്കണം എന്ന തീരുമാനം വന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് മൗറിത്താനിയ, സാംബിയ ടീമുകള്‍ക്കെതിരെ അര്‍ജന്റീന സൗഹൃദ മത്സരം കളിച്ചിരുന്നു. ഈ രണ്ട് മത്സരങ്ങളിലും വിജയിച്ചെങ്കിലും തയ്യാറെടുപ്പ് ശക്ത മായില്ലെന്ന അഭിപ്രായമുയര്‍ന്നിരുന്നു.
അതേ സമയം പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഖത്തറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഫൈനലിസിമ മത്സരം റദ്ദാക്കിയതും അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയായി. യൂറോപ്യന്‍ ചാമ്പ്യന്മാരായ . സ്പെയിനായിരുന്നു ഫൈനലിസിമയില്‍ എതിരാളി. ഇത്തവണ ലോക കപ്പിനെത്തുന്ന ശക്തരായ സ്ക്വാഡുകളില്‍ ഒന്നാണ് സ്പെയിനിന്റേത്. ഈ സംഘത്തോട് മത്സരിക്കുന്നത് അര്ജന്റീനക്കും ഗുണമുണ്ടാക്കുന്നതായിരുന്നു. എന്നാല്‍ മത്സരം നടത്താനാകില്ലെന്ന നിലപാട് അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായതോടെ ആ അവസരം അര്‍ജന്റീനക്ക് നഷ്ടമാകുകയായിരുന്നു. കാനഡ്, യുഎസ്എ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന 2026ലെ ലോകകപ്പില്‍ ജൂണ്‍ 16-ന് നീലക്കുപ്പായക്കാരുടെ ആദ്യമത്സരം. ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയാണ് എതിരാളി. ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനയടങ്ങുന്ന ജെ ഗ്രൂപ്പിലുള്ളത്.






