Headlines

കുടകിൽ കാണാതായ ശരണ്യയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കണം; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി

കുടകിലെ കൂർഗിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ച് പിണറായി വിജയൻ. ജി.എസ് ശരണ്യയെ എത്രയും വേഗം കണ്ടെത്തി സുരക്ഷിതമായി എത്തിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്നും നേരിട്ട് വിഷയത്തിൽ ഇടപെടണം എന്നും മുഖ്യമന്ത്രി കത്തിലൂടെ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു.

ട്രക്കിങ്ങും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന ശരണ്യ കൊച്ചിയിൽനിന്നാണ് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറുകയായിരുന്നു ലക്ഷ്യം. യുവ ഐ.ടി. പ്രൊഫഷണലാണ് കാണാതായ ശരണ്യ. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്. ഹോംസ്‌റ്റേയിലെത്തിയ മറ്റുള്ളവർക്കൊപ്പം വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രക്കിങ്ങിനായി പുറപ്പെട്ടത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിപ്പോയെന്ന് ശരണ്യ ഹോംസ്‌റ്റേയിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹോംസ്‌റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈൽഫോൺ സ്വിച്ച് ഓഫായി. തുടർന്നാണ് നംവകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്.

കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് തിരച്ചിൽ തുടരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. നക്സൽ വിരുദ്ധ സേനയും തിരച്ചിൽ സംഘത്തിലുണ്ട്. വടകര താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്നു വിരമിച്ച വടക്കയിൽ ഗോപിയുടെയും ഷൈലജയുടെയും മകളാണു ശരണ്യ. മകൾ രണ്ടാഴ്ച മുമ്പ് വീട്ടിലെത്തിയിരുന്നു എന്നും, തനിച്ച് ഇതിനുമുമ്പും ട്രക്കിങ്ങിനു പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു സംഭവം എന്നും പിതാവ് ഗോപി പറഞ്ഞു.

ബെംഗളൂരുവിൽ എൻജിനീയറായ ശരണ്യയുടെ സഹോദരൻ ശ്യാം അടക്കമുള്ളവർ തിരച്ചിലിനു സന്നദ്ധരായി കുടകിലെത്തിയിട്ടുണ്ട്. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. സാധാരണഗതിയിൽ ഇവിടെ ട്രെക്കിങ്ങിനെത്തുന്ന സഞ്ചാരികൾക്ക് വഴിതെറ്റിയാലും രണ്ട് മൂന്ന് മണിക്കൂർ കൊണ്ട് ട്രെക്കിങ് പാത കണ്ടെത്താറുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവതി അപകടത്തിൽപ്പെട്ടതാണോ, വഴിമാറി സഞ്ചരിച്ചതാണോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്.