ഇറാന്റെ ഭരണ നേതൃത്വത്തില്‍ ആരെയും ബാക്കി വച്ചേക്കില്ലെന്ന ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . ഇറാന് ഭീകര രാഷ്ട്രമെന്നും ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ ഉത്തരവാദിത്തം കാണിക്കണമെന്നും ട്രംപ് പറഞ്ഞു. പ്രതികരണശേഷിയില്ലാത്ത സഖ്യകക്ഷികളെന്ന് അദ്ദേഹം മറ്റ് രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. ഹോര്‍മൂസ് കടലിടുക്ക് കടക്കുന്ന കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ അകമ്പടിയ്ക്കായി യുദ്ധക്കപ്പലുകള്‍ ഒരുമിച്ച് അയയ്ക്കാനുള്ള തന്റെ നിര്‍ദേശം അവഗണിച്ച രാജ്യങ്ങള്‍ക്കെതിരെയാണ് ട്രംപിന്റെ രൂക്ഷ വിമര്‍ശനം. (Donald Trump suggests ‘finishing off Iran)
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനെന്ന ഭീകര രാഷ്ട്രത്തിന്റെ ഭരണതലപ്പത്ത് അവശേഷിക്കുന്നതിനെയെല്ലാം കൂടി തീര്‍ത്താല്‍ എന്ത് സംഭവിക്കുമെന്നാണ് താന്‍ ആലോചിക്കുന്നതെന്നാണ് ട്രംപിന്റെ പോസ്റ്റ്. ഹോര്‍മൂസ് കടലിടുക്ക് ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന രാജ്യങ്ങള്‍ അപ്പോഴെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നാണ് ട്രംപിന്റെ ചോദ്യം.അതേസമയം ഗള്‍ഫ് അശാന്തമായി തുടരുകയാണ്. നാല് തവണയാണ് ഇന്ന് രാവിലെ യുഎഇയ്ക്ക് നേരെ ആക്രമണമുണ്ടായത്. ദുബായിലും അബുദാബിയിലും തുടര്‍ച്ചയായി ഉഗ്ര സ്ഫോടനശബ്ദം കേട്ടു. മിസൈല്‍ ആക്രമണം ചെറുത്തതിന്റെ ശബ്ദമാണിതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തില്‍ നാശനഷ്ടങ്ങളോ പരുക്കോ ഇല്ല. ഖത്തര്‍, കുവൈറ്റ്, സൗദി എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. 13 ഡ്രോണുകളാണ് പുലര്‍ച്ചെ സൗദി അറേബ്യ പ്രതിരോധിച്ചത്.അതിനിടെ യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകള്‍ വേണ്ടെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. പള്ളികള്‍ക്ക് ഉള്ളില്‍ മാത്രം നമസ്കാരം മതിയെന്നാണ് തീരുമാനം. അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ ഇന്ന് സൗദിയില്‍ യോഗം ചേരും. ഇറാന് ആക്രമണം നീളുന്ന സാഹചര്യത്തില്‍ നയതന്ത്ര ഇടപെടലിനുള്ള സാധ്യത യോഗം ചര്‍ച്ച ചെയ്യും. ഹോര്‍മുസ് കടലിടുക്കിലെ ഇടപെടലുകള്‍ക്ക് അമേരിക്ക പിന്തുണ തേടിയതുള്പ്പടെയും ചര്‍ച്ചയാകും.







