Headlines

റോഡ് ഉപരോധിച്ച് നഴ്സുമാർ; ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റുമായി ചർച്ച

വേതന വർധനവുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്ത രണ്ട് നഴ്സുമാരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റ് പിരിച്ചുവിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുകയാണ്. നഴ്സുമാർ എരഞ്ഞിപ്പാലം-മാവൂർ റോഡ് ഉപരോധിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് യുണൈറ്റഡ് നഴ്‌സ്‌ അസോസിയേഷൻ (യുഎൻഎ) വ്യക്തമാകുന്നത്. രാവിലെ 10 മണിയോടെ കോഴിക്കോട് കളക്ടറേറ്റിനു മുന്നിലേക്ക് നൂറുകണക്കിന് നഴ്സുമാരാണ് ഒഴുകിയെത്തിയത്. അടിസ്ഥാന ശമ്പള വർധനവ് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇവർ പ്രഖ്യാപിച്ചു.ബേബി മെമ്മോറിയൽ ആശുപത്രിയിൽ സമരാനുകൂലികളായ നഴ്സിംഗ് വിദ്യാർഥികളും ആശുപത്രി അധികൃതരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.തുടർന്ന് സമരം ചെയ്ത ബേബി മെമോറിയൽ ആശുപത്രിയിലെ നഴ്സുമാർക്ക്‌ 24 മണിക്കൂറിനുള്ളിൽ ഹോസ്റ്റൽ ഒഴിയാൻ നോട്ടീസ് നൽകി മാനേജ്മെന്റിന്റെ പ്രതികാര നടപടി ഉണ്ടായി. രണ്ട് കരാർ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതോടെ പ്രതിഷേധം ശക്തമായി.
നഴ്സുമാരുടെ നേതൃത്വത്തിൽ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. BJP നേതാക്കൾ ആശുപത്രിയിലേക്ക് തള്ളിക്കായറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. ആശുപത്രി മാനേജ്മെന്റും യുണൈറ്റഡ് നഴ്സസ് അസോസിയേഷനും തമ്മിലുള്ള ചർച്ച അല്‍പസമയത്തിനകം ആരംഭിക്കും.