Headlines

ലെബനനിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 83 കുട്ടികൾ; രണ്ടര വർഷത്തിനിടെ കൊല്ലപ്പെട്ടത് 329 കുട്ടികൾ

കഴിഞ്ഞ 7 ദിവസത്തിനിടെ ലെബനനിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 83 കുട്ടികൾ. യുണിസെഫ് ആണ് കണക്ക് പുറത്തുവിട്ടത്. മാർച്ച് 2 മുതലാണ് ലെബനോണിൽ ഇസ്രയേൽ ആക്രമണം തുടങ്ങിയത്. 254 കുട്ടികൾക്ക് പരുക്കേറ്റതായും യുണിസെഫ്. കഴിഞ്ഞ രണ്ടര വർഷത്തിനിടെ ലെബനനിൽ കൊല്ലപ്പെട്ടത് 329 കുട്ടികളെന്നും യൂണിസെഫ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ പ്രകാരം പ്രതിദിനം ശരാശരി 10 കുട്ടികളാണ് ലെബനനിൽ കൊല്ലപ്പെടുന്നത്. ഓരോ ദിവസവും ഏകദേശം 36 കുട്ടികൾക്ക് പരിക്കേൽക്കുന്നുമുണ്ട്. കഴിഞ്ഞ 28 മാസത്തിനിടെ ലെബനനിൽ ആകെ 329 കുട്ടികൾ കൊല്ലപ്പെട്ടതായും 1,632 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധം കുട്ടികളുടെ ജീവിതത്തിലുണ്ടാക്കുന്ന ആഘാതം ഭയാനകമാണെന്ന് യൂണിസെഫ് വ്യക്തമാക്കി.

യുദ്ധത്തെത്തുടർന്ന് ലെബനനിലുടനീളം ഏകദേശം ഏഴ് ലക്ഷത്തോളം ആളുകൾക്ക് വീടുകൾ ഉപേക്ഷിച്ചു പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതിൽ രണ്ട് ലക്ഷത്തോളം കുട്ടികളുമുണ്ട്. സാധാരണക്കാരെയും സ്‌കൂളുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കണമെന്ന് യൂണിസെഫ് എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കണമെന്നും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്നും യൂണിസെഫ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.