Headlines

ഗണേഷ് കുമാറിന് എതിരായ ആരോപണം; സിപിഐഎം ഇടപെടും; മന്ത്രിയോട് മുഖ്യമന്ത്രി സംസാരിച്ചേക്കും

മന്ത്രി ഗണേഷ് കുമാറിന് എതിരായ ആരോപണത്തില്‍ സിപിഐഎം ഇടപെടും. സംഭവത്തില്‍ ഗണേഷിനോട് എല്‍ഡിഎഫ് നേതൃത്വം സംസാരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗണേഷിനോട് സംസാരിച്ചേക്കും.മന്ത്രി കെബി ഗണേഷ് കുമാറിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ വാളകത്തെ കുടുംബ വീട്ടില്‍ കണ്ടെന്നും, ഫോട്ടോ ഉള്‍പ്പടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നുമാണ് ബിന്ദു മേനോന്റെ തുറന്നുപറച്ചില്‍. താന്‍ വിളിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ല. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ തന്നെ മര്‍ദ്ദിച്ചെന്നും ഫോണ്‍ പരിശോധിച്ചെന്നും ബിന്ദു മേനോന്‍ ആരോപിച്ചു. മുന്‍പ് മന്ത്രി ഗണേഷ് തന്നെ ഉപദ്രവിച്ചിരുന്നെന്നും തനിക്ക് സംശയരോഗമെന്ന് പ്രചരിപ്പിച്ചെന്നും ബിന്ദു മേനോന്‍ പറഞ്ഞു. എന്നാല്‍ ആരോപണം മന്ത്രി തള്ളി. എല്ലാ കാലത്തും വീട്ടില്‍ നിന്ന് തന്നെയാണ് തനിക്ക് ശത്രുക്കള്‍ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.ഭാര്യയുടെ ആരോപണത്തിന് പിന്നാലെ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നു. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് കത്ത് നല്‍കി. ഗണേഷ് കുമാറിനെതിരായ പ്രതിഷേധം തെരുവിലേക്കും വ്യാപിപ്പിക്കുകയാണ് പ്രതിപക്ഷം. വരും ദിവസങ്ങളില്‍ പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം.