ലക്നൗ: ഉത്തർപ്രദേശിൽ നിരവധി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശ് ബന്ദയിലെ പോക്സോ കോടതിയാണ് ദമ്പതികൾക്ക് വധശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവം എന്നാണ് കോടതി കേസിനെ വിശേഷിപ്പിച്ചത്.രാംഭവൻ, ഭാര്യ ദുർഗവതി എന്നിവർക്കാണ് പോക്സോ കോടതിയിലെ പ്രത്യേക ജഡ്ജി വധശിക്ഷ വിധിച്ചത്. പോക്സോ ആക്റ്റിലെ നിരവധി വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തപ്പെട്ടത്. 33 കുട്ടികളെയാണ് ഇരുവരും ചേർന്ന് ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. മൂന്ന് വയസ് മാത്രമുള്ള കുട്ടിയെവരെ ഇരുവരും ഉപദ്രവിച്ചിരുന്നു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.അതിക്രമത്തിനിയായ ഓരോ കുട്ടിക്കും 10 ലക്ഷം വീതം നൽകാനും കോടതി വിധിച്ചു. ഇതിന് പുറമെ, ദമ്പതികളുടെ വീട്ടിൽ നിന്ന് ലഭിച്ച പണം മുഴുവനും കുട്ടികൾക്ക് തുല്യമായി വീതിച്ചുനൽകണമെന്നും കോടതി വിധിച്ചു.2020ലാണ് നിരവധി കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിന് ദമ്പതികൾക്കെതിരെ സിബിഐ കേസെടുക്കുന്നത്. ഇറിഗേഷൻ വകുപ്പിലെ ഉദ്യോഗസ്ഥനാണ് രാംഭവൻ. വീഡിയോ ഗെയിമുകൾ, പണം, സമ്മാനങ്ങൾ എന്നിവ നൽകി വശീകരിച്ചായിരുന്നു ഇവർ കുട്ടികളെ പീഡനത്തിരയാക്കിയത്. ഞെട്ടിക്കുന്ന സംഭവങ്ങളാണ് അന്വേഷണത്തിനിടെ സിബിഐ കണ്ടെത്തിയത്. ക്രൂരമായാണ് കുട്ടികളെ ഇവർ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചില കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ വരെ മുറിവുകൾ ഉണ്ടായിരുന്നു. ചില കുട്ടികൾക്ക് നീണ്ട കാലം ആശുപത്രിയിൽ കഴിയേണ്ടിവന്നിരുന്നു.ചില കുട്ടികളുടെ കണ്ണിനും പരിക്കുകളുണ്ടായിരുന്നു. ഭൂരിഭാഗം കുട്ടികളും മാനസികമായി ആകെ തകർന്ന നിലയിലാണ്. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചും കൗൺസിലിംഗ് നൽകിയും കുട്ടികളുടെ ആരോഗ്യ പരിശോധനകൾ അടക്കം നടത്തിയുമാണ് സിബിഐ അന്വേഷണം പൂർത്തിയാക്കിയത്. 2021ലാണ് കേസിൽ സിബിഐ കുറ്റപത്രം നൽകിയത്.
33 കുട്ടികളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ഉത്തർപ്രദേശിൽ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി







