Headlines

‘മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു’; ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാരോട് സത്യഭാമ

തൃശൂർ: എൻഡിഎ സഖ്യകക്ഷിയായ ട്വന്റി-20യിൽ ചേർന്ന അഖിൽ മാരാരെ വിമർശിച്ച് സത്യഭാമ. അഖിൽ മാരാർ ഒരിക്കലും ‘ചാണകത്തിൽ’ വീഴരരുതായിരുന്നു എന്നാണ് സത്യഭാമ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. എൻഡിഎയുടെ ഭാഗമായത് തന്നിൽ വിശ്വസിച്ച മറ്റ് മതസ്ഥരെ അഖിൽ മാരാർ ചതിച്ചതിന് തുല്യമാണെന്നും സത്യഭാമ പറഞ്ഞു.

ചാണകത്തിൽ വീണുകിടക്കുന്ന അഖിൽ മാരാരുടെ എഐ ചിത്രവും സത്യഭാമ പങ്കുവെച്ചിട്ടുണ്ട്. ‘മോനെ, നീ ഒരിക്കലും ചാണകത്തിൽ വീഴാൻ പാടില്ലായിരുന്നു. നിന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച മറ്റു മതസ്ഥരെ നീ cheat ചെയ്യുകയായിരുന്നില്ലേ? നിന്‍റെ എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നത്തോടെ തീരും. ജനങ്ങൾക്ക് നിന്നെ പഴയത് പോലെ ഇനി ഒരിക്കലും നോക്കിക്കാണാൻ കഴിയില്ല,’ എന്നാണ് സത്യഭാമ കുറിച്ചിരിക്കുന്നത്.

ഇന്നലെയാണ് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ ട്വന്റി20യിൽ ചേർന്നത്. വാർത്താസമ്മേളനത്തിലൂടെയാണ് പാർട്ടിയിൽ ചേർന്ന വിവരം അഖിൽ മാരാർ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിൽ മാരാർ എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് ട്വന്റി-20 പാർട്ടി ചെയർമാൻ സാബു എം ജേക്കബ് അറിയിച്ചു. നേരത്തെ അഖിൽ മാരാർ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാൽ സീറ്റ് സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെയാണ് എൻഡിഎ പാളയത്തിലേക്ക് അഖിൽ മാരാർ എത്തുന്നത് എന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് അഖിൽ മാരാർ. പഴയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ് അഖിൽ മാരാർ. ഇടക്കാലത്ത് കുറച്ചു കാലം ബിജെപിയിൽ പോയിരുന്നു. പിന്നീട് കോൺഗ്രസുമായി വീണ്ടും അടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഖിൽ മാരാറിനെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കം നടത്തിയത്.നിയമസഭാ തെരഞ്ഞെടുപ്പിൽ സമൂഹമാധ്യമ ഇൻഫ്‌ളുവൻസർമാർ അടക്കം യുഡിഎഫുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു. സീറ്റ് ചർച്ചയ്ക്കിടെ അഖിൽ മാരാർ കൊട്ടാരക്കരയിൽ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. എന്നാൽ കോൺഗ്രസ് നേതൃത്വം അതിന് വഴങ്ങിയില്ല. ഇതോടെ അഖിൽ മാരാർ കളം മാറ്റിപ്പിടിച്ചു. നേമം, ചടയമംഗലം, ധർമ്മടം തുടങ്ങിയ സീറ്റുകൾ ചോദിച്ചു. അതിനും കോൺഗ്രസ് വഴങ്ങാതെ വന്നതോടെയാണ് കോൺഗ്രസുമായി അഖിൽ മാരാർ അകന്നത്.