Headlines

ബംഗ്ലാദേശില്‍ താരീഖ് റഹ്‌മാന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും; നരേന്ദ്ര മോദിയടക്കം 13 രാഷ്ട്രതലവന്‍മാര്‍ക്ക് ക്ഷണം

ബംഗ്ലാദേശില്‍ ബിഎന്‍പി ചെയര്‍പേഴ്സണ്‍ താരീഖ് റഹ്‌മാന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 13 രാഷ്ട്ര തലവന്‍മാരെ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ഖത്തര്‍, ചൈന, പാകിസ്താന്‍, യുഎഇ, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ക്കാണ് ക്ഷണമുള്ളത്. ഫെബ്രുവരി 17ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോന്റെ ഇന്ത്യ സന്ദര്‍ശനമുള്ളതിനാല്‍ നരേന്ദ്ര മോദി ബംഗ്ലാദേശിലെ ചടങ്ങില്‍ പങ്കെടുക്കില്ല. ഇന്ത്യ പകരം പ്രതിനിധിയെ അയക്കും. ഫെബ്രുവരി 12നായിരുന്നു ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്. (Tarique Rahman’s government to be sworn in in Tuesday)ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിനു പിന്നാലെ നരേന്ദ്ര മോദി താരിഖ് റഹ്‌മാനെ അഭിനന്ദിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. താരിഖുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി ഇന്നലെ എക്സില്‍ കുറിച്ചിരുന്നു. ബംഗ്ലാദേശിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് തന്റെ ആശംസകളും പിന്തുണയും അറിയിച്ചതായും മോദി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സമീപനത്തിന് നന്ദി പറഞ്ഞുകൊണ്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും രംഗത്തെത്തി. എക്സിലൂടെയായിരുന്നു പ്രതികരണം. ബഹുമാനപ്പെട്ട നരേന്ദ്ര മോദി, വളരെ നന്ദി. ദേശീയ തിരഞ്ഞെടുപ്പില്‍ ബിഎന്‍പിയുടെ നിര്‍ണായക വിജയം ഉറപ്പാക്കുന്നതില്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തെ അംഗീകാരിച്ചതില്‍ നന്ദി പ്രകടിപ്പിക്കുന്നു – പാര്‍ട്ടി വ്യക്തമാക്കി.

പതിനെട്ട് മാസം നീണ്ട മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനുശേഷമാണ് ബംഗ്ലാദേശ് വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങുന്നത്. 300 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമായ 151 സീറ്റും കടന്ന് ആണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ മുന്നേറ്റം. ജമാഅത്തെ ഇസ്ലാമി സഖ്യം 70 ഓളം സീറ്റുകളില്‍ ഒതുങ്ങി. ബംഗ്ലാദേശ് മുന്‍പ്രസിഡന്റ് സിയാവൂര്‍ റഹ്‌മാന്റെയും ഖാലിദാ സിയുടെയും മകനാണ് താരിഖ് റഹ്‌മാന്‍.

17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്. 60.69 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ വിലക്കുണ്ടായിരുന്നതിനാല്‍ മത്സരിച്ചിരുന്നില്ല.