Headlines

താരിഖ് റഹ്‌മാന്റ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കും; മോദിക്ക് നന്ദി അറിയിച്ച് ബിഎന്‍പി

ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട താരിഖ് റഹ്‌മാന്റ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചടങ്ങിലേക്ക് രാഷ്ട്ര തലവന്‍മാരെയടക്കം ക്ഷിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടന്നു വരിുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. (PM Modi may be invited to Tarique Rahman’s swearing-in)
ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിനു പിന്നാലെ നരേന്ദ്ര മോദി താരിഖ് റഹ്‌മാനെ അഭിനന്ദിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. താരിഖുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തില്‍് അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി ഇന്നലെ എക്‌സില്‍ കുറിച്ചിരുന്നു. ബംഗ്ലാദേശിലെ ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിന് തന്റെ ആശംസകളും പിന്തുണയും അറിയിച്ചതായും മോദി വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ സമീപനത്തിന് നന്ദി പറഞ്ഞുകൊണ്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും രംഗത്തെത്തി. എക്‌സിലൂടെയായിരുന്നു പ്രതികരണം. ബഹുമാനപ്പെട്ട നരേന്ദ്ര മോദി, വളരെ നന്ദി. ദേശീയ തിരഞ്ഞെടുപ്പില്‍ ബിഎന്‍പിയുടെ നിര്‍ണായക വിജയം ഉറപ്പാക്കുന്നതില്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തെ അംഗീകാരിച്ചതില്‍ നന്ദി പ്രകടിപ്പിക്കുന്നു – പാര്‍ട്ടി വ്യക്തമാക്കി.

പതിനെട്ട് മാസം നീണ്ട മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനുശേഷമാണ് ബംഗ്ലാദേശ് വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങുന്നത്. 300 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമായ 151 സീറ്റും കടന്ന് ആണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ മുന്നേറ്റം. ജമാഅത്തെ ഇസ്ലാമി സഖ്യം 70 ഓളം സീറ്റുകളില്‍ ഒതുങ്ങി. ബംഗ്ലാദേശ് മുന്‍പ്രസിഡന്റ് സിയാവൂര്‍ റഹ്‌മാന്റെയും ഖാലിദാ സിയുടെയും മകനാണ് താരിഖ് റഹ്‌മാന്‍.

17 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്. 60.69 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ വിലക്കുണ്ടായിരുന്നതിനാല്‍ മത്സരിച്ചിരുന്നില്ല.