Headlines

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്നും തന്നെ നോബേൽ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചെന്ന് റിപ്പോർട്ട്. എന്നാൽ വാദം തള്ളിയ മോദി, നോബേൽ പുരസ്‌കാരത്തിന് ട്രംപിനെ നാമനിർദേശം ചെയ്യുന്നത് നിരസിക്കുകയായിരുന്നു. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജൂൺ 17ന് ആയിരുന്നു ഇരുവരും തമ്മിൽ നടന്ന അവസാന സംഭാഷണമെന്നും റിപ്പോർട്ടിൽ. വിഷയത്തിലെ ഭിന്നതകളാണ് അധിക തീരുവ പ്രഖ്യാപനത്തിന് കാരണമായതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥ ശ്രമങ്ങൾ ഉണ്ടായില്ലെന്നും ഇരുരാജ്യങ്ങളും നേരിട്ട് തീരുമാനിച്ചതാണെന്നും മോദി മറുപടി നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഡോണൾഡ്‌ ട്രംപിന് സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിന് പാകിസ്താൻശിപാർശ ചെയ്തിരുന്നു. വലിയ യുദ്ധത്തിലേക്ക് പോകേണ്ട സംഘർഷമായിരുന്നു ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ശിപാർശ ചെയ്തത്. അതേസമയം ഇന്ത്യയ്ക്കെതിരെ ട്രംപ് 50 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. ഇതിന് പിന്നാലെ യുഎസിന്റെ ശത്രുക്കളായ റഷ്യയോടും ചൈനയോടും ഇന്ത്യ അടുക്കാനും കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.

ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് വർഷത്തിന് ശേഷം ചൈനയിലെത്തി. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹത്തിന്റെ ഈ ദ്വിദിന സന്ദർശനം. നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഗാൽവൻ സംഘർഷത്തിന് ശേഷം നടക്കുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ ചൈന സന്ദർശനമാണിത്.