Headlines

‘നിരാശാജനകം’ ; ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച് അമേരിക്ക

യൂറോപ്യന്‍ യൂണിയന് എതിരെ വീണ്ടും അമേരിക്ക. ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ തുടര്‍ന്നാണ് വിമര്‍ശനം. യൂറോപ്പിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ എന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട് ബെസന്റ് വിമര്‍ശിച്ചു. യുക്രൈനുമായി യുദ്ധത്തിലുള്ള റഷ്യയ്ക്ക് പരോക്ഷമായി ധനസഹായം നല്‍കുന്നതാണ് ഇയു തീരുമാനമെന്നും ബെസെന്റ് പറയുന്നു. യൂറോപ്യന്മാര്‍ തങ്ങള്‍ക്കെതിരായ യുദ്ധത്തിന് ധനസഹായം നല്‍കുകയാണെന്നും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് നികുതി ചുമത്തിയ അമേരിക്കന്‍ നടപടിയെ പിന്തുണയ്ക്കാന്‍ യൂറോപ്പ് തയാറായില്ലെന്നും വിമര്‍ശനമുണ്ട്.(America criticises European Union).യൂറോപ്യന്‍ യൂണിയന്റെ നിലപാടില്‍ തനിക്ക് വലിയ നിരാശയുണ്ടെന്നും രാഷ്ട്രീയ തത്വങ്ങളേക്കാള്‍ ഇവര്‍ വാണിജ്യത്തിന് പ്രാധാന്യം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശനം. റഷ്യന്‍ എണ്ണ ഉപയോഗിച്ച് ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വാങ്ങുന്നുണ്ടെന്ന് ബെസന്റ് അവകാശപ്പെട്ടു. അവര്‍ക്ക് നല്ലതെന്ന് തോന്നുന്നത് അവര്‍ ചെയ്യട്ടേ. പക്ഷേ, യൂറോപ്യന്‍ പൗരന്മാര്‍ വളരെ നിരാശരാണെന്നാണ് ഞാന്‍ മനസിലാക്കുന്നത് – അദ്ദേഹം പറഞ്ഞു.

അതേസമയം, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അമേരിക്കയിലേക്കെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അടുത്ത ആഴ്ചയാണ് സന്ദര്‍ശനം. ഫെബ്രുവരി നാലിന് യുഎസ്എല്‍ ചേരുന്ന ധാതുക്കളുമായി ബന്ധപ്പെട്ട നിര്‍ണായ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും സാധ്യതയുണ്ടെന്നാണ് വിവരം.