സിപിഐക്ക് പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ. മുടക്കുന്നവരുടെ കൂടെയല്ലെന്നും വിമർശനം. പുന്നപ്ര-വയലാർ വാരാചരണ സമാപനത്തിലാണ് വിമർശനം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.
കേരളം രാജ്യത്തിന് അഭിമാനിക്കാൻ വക നൽകുന്ന സംസ്ഥാനമാണ്. കേരളത്തിൽ വന്നപ്പോൾ രാഷ്ട്രപതിയും പ്രകീർത്തിച്ചു. ഭ്രാന്താലയം മനുഷ്യാലയം ആയതിൻ്റെ ചരിത്രം മറന്നു പോകരുതെന്നും ആധുനിക കേരളത്തിന് അടിത്തറ ഇട്ടത് ഇ എം എസ് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിൻ്റെ പ്രത്യേക ഘട്ടത്തിൽ കേരളം നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലതിലും മുൻപിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
10 വർഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. 2006- 11 വരെ എൽഡിഎഫ് ഭരിച്ചു. 2011-16 വരെ കേരളത്തിലെ ഒടുവിലത്തെ യുഡിഎഫ് സർക്കാർ വന്നു. 2006 ലെ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നേട്ടങ്ങൾ യുഡിഎഫ് സർക്കാർ പിന്നോട്ടടിച്ചു. പാഠ പുസ്തകം ഫോട്ടോ സ്റ്റാറ്റ് എടുത്തു കൊടുക്കുന്ന സ്ഥിതി ആയിരുന്നു കേരളത്തിൽ. ആയിരത്തോളം സ്കൂളുകൾ പൂട്ടി. 2016ൽ എൽഡിഎഫ് വന്നപ്പോൾ മുതൽ പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടുവെന്നും കേന്ദ്രസർക്കാർ തന്നെ ഇത് സാക്ഷ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഡുകളുടെ അവസ്ഥ എന്തു പരിതാപകരമായിരുന്നു. ദേശീയ പാത ഉണ്ടായിരുന്നില്ല. 2011- 16 കാലത്ത് ഒന്നും ചെയ്തില്ല. അതിൻ്റെ പിഴ ഒടുക്കേണ്ടി വന്നു. സ്ഥലം എടുത്തു കൊടുക്കേണ്ടി വന്നു. രാജ്യത്ത് ഒരിടത്തും ആ സ്ഥിതിയില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 5100 കോടി രൂപ കൊടുക്കേണ്ടി വന്നു. ഡിസംബറിൽ ദേശീയ പാതയുടെ നല്ലൊരു ഭാഗം പൂർത്തിയാക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ജനുവരിയിൽ കേരളത്തിൽ വരുമ്പോൾ ഉദ്ഘാടനം നടക്കും. മാർച്ചിന് മുൻപ് മുഴുവൻ പൂർത്തിയാക്കണം എന്ന് നിർദേശം ഗഡ്കരി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.






