Headlines

പി എം ശ്രീ: അനുനയ നീക്കവുമായി മുഖ്യമന്ത്രി; ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു

പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞ് നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി. ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു. പി എം ശ്രീയില്‍ കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമെന്ന് മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. ബിനോയ് വിശ്വവുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് നിലപാട് അറിയിച്ചത്.

ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വിവരമുണ്ട്. കടുത്ത തീരുമാനങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയോടും ബിനോയ് വിശ്വം എതിര്‍പ്പ് ആവര്‍ത്തിച്ചുവെന്നാണ് വിവരം. ഒപ്പിട്ടത് ശരിയായില്ലെന്ന് ആവര്‍ത്തിച്ചു.

സിപിഐ സംസ്ഥാന എക്സിക്യുട്ടീവിന് മുന്‍പ് മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി സംസാരിച്ചേക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ബിനോയ് വിശ്വവും മുഖ്യമന്ത്രിയും ഇന്ന് ഒരേ വേദിയിലെത്തുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും വിവാദം ചര്‍ച്ച ചെയ്യും. അവയ്‌ലബിള്‍ പിബിയും ഇന്ന് ചേരും.

രാവിലെ 10.30 ന് ആലപ്പുഴയിലാണ് സിപിഐ യോഗം. മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ധാരണ പത്രത്തില്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സെക്രട്ടേറിയേറ്റ് യോഗത്തിലെ ധാരണ.