Headlines

അടിമാലി മണ്ണിടിച്ചില്‍; രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍

ഇടുക്കി അടിമാലി മണ്ണിടിച്ചില്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ വി എം ആര്യ ട്വന്റിഫോറിനോട്. കാരണം കണ്ടെത്താനുള്ള പരിശോധന ഇന്ന് തുടങ്ങുമെന്നും പരിശോധനക്കായി വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും വി എം ആര്യ വ്യക്തമാക്കി.

അന്തിമ റിപ്പോര്‍ട്ട് നാലു ദിവസത്തിനകം കൈമാറും. ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ രണ്ടു ദിവസത്തിനകം താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. കെഎസ്ഇബിയുടെ ഒഴിഞ്ഞു കിടക്കുന്ന ക്വാര്‍ട്ടേഴ്‌സുകളിലേക്കാണ് ഇവരെ മാറ്റുക. ആദ്യഘട്ടത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട എട്ടു പേരെയും ഇതിനു ശേഷം അപകട മേഖലയില്‍ കഴിയുന്ന എല്ലാ കുടുംബങ്ങളെയും മാറ്റും.

ക്യാമ്പുകള്‍ എത്രയും പെട്ടന്ന് പിരിച്ചുവിട്ട് ആളുകളെ താത്കാലികമായ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്. വീടുകള്‍ പൂര്‍ണമായി തകര്‍ന്ന എട്ട് വീട്ടുകാര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത് – സബ് കളക്ടര്‍ പറഞ്ഞു.

മണ്ണിടിച്ചിലുണ്ടായ അടിമാലി കൂമ്പന്‍പാറയില്‍ ഒരു നിര്‍മ്മാണവും നടന്നിരുന്നില്ലെന്നാണ് ദേശിയ പാതാ അതോറിറ്റിയുടെ വിശദീകരണം.