കെ ജെ ഷൈൻ നൽകിയ അധിക്ഷേപ പരാതി; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പൊലീസ് പരിശോധന, മൊബൈൽ പിടിച്ചെടുത്തു

സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ അധിക്ഷേപ പരാതിയിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി അന്വേഷണ സംഘം. നാളെ ഹാജരകാനാണ് നിർദേശം. ഗോപാലകൃഷ്ണന്റെ വീട്ടിലെ പരിശോധനയ്ക്ക് ശേഷമാണ് നോട്ടീസ് നൽകിയത്. പരിശോധനയിൽ ഫോൺ പിടിച്ചെടുത്തു.

സൈബർ ആക്രമണത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ കൂടുതൽ തെളിവുകൾ കെ ജെ ഷൈൻ സമർപ്പിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയവരുടെ പേര് വിവരങ്ങളാണ് കൈമാറിയത്. . വിവിധ ജില്ലകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ കേസുകളും രജിസ്റ്റർ ചെയ്യാനാണ് നീക്കം. വ്യാജപ്രചാരണം നടത്തിയ കോൺഗ്രസ് സൈബർ ഹാൻഡിലുകളെകുറിച്ചും നേതാക്കളെകുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. കെ ജെ ഷൈൻ നൽകിയ പരാതിയിൽ കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിന്റെ പേരും ഉണ്ട്.

സ്ത്രീത്വതത്തെ അപമാനിക്കുന്ന തരത്തിൽ ലൈംഗിക ചുവയുള്ള പോസ്റ്റുകൾ
സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചുവെന്നാണ് പരാതി.അപവാദ പ്രചാരണം നടത്തിയ പലരും പോസ്റ്റുകൾ പിൻവലിച്ചിരുന്നു. ഇത് വീണ്ടെടുക്കാൻ സൈബർ പൊലീസ് മെറ്റയുടെ സഹായവും തേടി. ഫേസ്ബുക്ക് പോസ്റ്റുകൾ നടത്തിയവർക്കെതിരായ സാക്ഷി മൊഴികളും പൊലീസ് ശേഖരിക്കുന്നുണ്ട്.

അതിനിടെ കേസിലെ മുഖ്യപ്രതിയായ സി കെ ഗോപാലകൃഷ്ണൻ ഒളിവിൽ പോയിയിരുന്നു.വി ഡി സതീശൻ എംഎൽഎയുടെ ഓഫീസിലാണ് ഗോപാലകൃഷ്ണനെ ഒളിപ്പിച്ചിരിക്കുന്നതെന്ന് ആരോപിച്ച് പറവൂരിലെ സിപിഐഎം നേതാക്കൾ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.