കൊല്ലം തേവലക്കരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

കൊല്ലം തേവലക്കര അരിനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തേവലക്കര സ്വദേശി സന്തോഷ് ജോസഫിന്റെ വാഹനമാണ് പൂർണമായും കത്തിനശിച്ചത്. കാറിൽനിന്ന് തീയും പുകയും ഉയർന്നയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായം ഒഴിവായി.

യാത്രക്കാരുമായി പോവുകയായിരുന്ന കാറിൻ്റെ മുൻഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ ഡ്രൈവർ വാഹനം റോഡരികിൽ ഒതുക്കി നിർത്തി. കാറിലുണ്ടായിരുന്നവർ വേഗത്തിൽ പുറത്തിറങ്ങി മാറിനിന്നതിനാൽ വലിയൊരു അപകടം ഒഴിവാക്കാനായി. തീ വളരെ വേഗത്തിൽ വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നുപിടിക്കുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. പ്രാഥമിക നിഗമനം അനുസരിച്ച് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.