ബാഗ്രാം വ്യോമതാവളം അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാൻ മടക്കി നൽകിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ബാഗ്രാം തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നതായി ബ്രിട്ടൻ സന്ദർശനത്തിനിടെ ട്രംപ് പറഞ്ഞിരുന്നു.
2021ൽ താലിബാൻ ഭരണം ഏറ്റെടുത്തതോടെ ബാഗ്രാം വ്യോമതാവളത്തിൽ നിന്നും അമേരിക്ക പിന്മാറിയിരുന്നു.ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാൻ ബാഗ്രാമിൽ വ്യോമതാവളം നിലനിർത്തേണ്ടത് ആവശ്യമാണെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ഭീഷണി.കാബൂളിൽ നിന്നും 40 കിലോമീറ്റർ അകലെ ചൈനയുടേയും പാകിസ്ഥാന്റെയും ഇറാന്റെയും അതിരുകളോട് ചേർന്ന് ചൈനയുടെ ആണവ കേന്ദ്രങ്ങൾക്ക് സമീപമാണ് ബാഗ്രാം വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.
അമേരിക്ക ഇപ്പോൾ ബഗ്രാം വ്യോമതാവളം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതിനു പിന്നിൽ ചൈനയുടെ പ്രാദേശിക സ്വാധീനം കൂടുന്നതാണ്. ദക്ഷിണേഷ്യ, മധ്യേഷ്യ, പശ്ചിമേഷ്യ എന്നീ മേകലകളുടെ ഏതാണ്ട് മധ്യഭാഗത്താണ് ബഗ്രാം സ്ഥിതി ചെയ്യുന്നത്. അഫ്ഗാനിസ്ഥാനിലും അയൽപക്കത്തുള്ള മധ്യേഷ്യൻ രാജ്യങ്ങളിലും, ചൈന, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്കടുത്തുമായി ഒരു മികച്ച കേന്ദ്രമായിരിക്കും. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ വലിയൊരു ഭാഗവും ഈ മേഖലയിലാണ് നടക്കുന്നത്. തുറമുഖങ്ങളായും റോഡുകളായും റെയിൽവേ പദ്ധതികളായും മറ്റും മേഖലയിൽ ചൈനയുടെ ഈ വികസനപരിപാടി നടക്കുകയാണ്. ഭൗമരാഷ്ട്രീയത്തിൽ ചൈന നടത്തുന്ന ഈ ആധിപത്യശ്രമത്തിന് ഒരു എതിർശക്തി നിർമ്മിച്ചെടുക്കുന്നതിന്റെ ഭാഗമാണ് യുഎസ്സിന്റെ ഈ നീക്കം.