മലപ്പുറം വഴിക്കടവിൽ മദ്യലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. വഴിക്കടവ് നായക്കൻകൂളി മോളുകാലായിൽ വർഗീസ് (53) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വർഗീസിന്റെ ജ്യേഷ്ഠൻ രാജുവിനെ (57) വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം നടന്നത്. വഴിക്കടവ് നായക്കൻകൂളിയിലുള്ള വർഗീസിന്റെ വീട്ടിലെത്തിയ രാജു വർഗീസിനെ കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് സ്ഥലത്തെത്തി രാജുവിനെ കസ്റ്റഡിയിലെടുത്തു.
പ്രാഥമിക അന്വേഷണത്തിൽ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവദിവസം പകൽ രാജു വർഗീസിന്റെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടെങ്കിലും വർഗീസ് അത് നൽകാൻ തയ്യാറായില്ല. ഇതിന്റെ വൈരാഗ്യമാണ് രാത്രിയിലെ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
രാജു മദ്യപിച്ചെത്തിയാൽ വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നും ഇത് പലപ്പോഴും കുടുംബാംഗങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നതായും പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ മറ്റ് പ്രശ്നങ്ങളില്ലായിരുന്നുവെന്നും മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.