വിവാദങ്ങൾക്കിടെ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ 6-ാമത്തെ ചിത്രം പ്രഖ്യാപിച്ച് ദീപിക പദുകോൺ. തങ്ങളുടെ ആറാമത്തെ സിനിമയുടെ ചിത്രീകരണത്തിനിടെ ഷാരൂഖിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദീപിക തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ ഈ പ്രഖ്യാപനത്തെക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ദീപികയുടെ പോസ്റ്റിലെ വാക്കുകളാണ്. ഒരു സിനിമയുടെ വിജയത്തേക്കാൾ പ്രധാനം ആരുമായി സഹകരിക്കുന്നു എന്നതാണെന്ന ഷാരൂഖ് ഖാൻ പഠിപ്പിച്ച പാഠത്തെക്കുറിച്ചാണ് ദീപിക കുറിച്ചത്.
2007-ൽ ‘ഓം ശാന്തി ഓം’ എന്ന സിനിമയിലൂടെയാണ് ദീപിക പദുകോൺ ഷാരൂഖ് ഖാനോടൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് ഷാരൂഖ് നൽകിയ ഉപദേശം ഒരു സിനിമയുടെ വിജയത്തേക്കാൾ അതിന്റെ യാത്രയും, കൂടെ പ്രവർത്തിക്കുന്നവരുമാണ് പ്രധാനമെന്നാണ്. ഈ വാക്കുകൾ തന്റെ ഓരോ തീരുമാനത്തെയും സ്വാധീനിച്ചിട്ടുണ്ടെന്നും അതുകൊണ്ടായിരിക്കാം ഞങ്ങൾ വീണ്ടും ആറാമത്തെ സിനിമയിൽ ഒന്നിക്കുന്നതെന്നും ദീപിക കുറിച്ചു. ഇത് കൽക്കി സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങൾക്ക് ദീപിക നൽകിയ മറുപടിയാണെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.
.
’18 വർഷങ്ങൾക്ക് മുൻപ് ഓം ശാന്തി ഓം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം എന്നെ പഠിപ്പിച്ച ആദ്യ പാഠം, ഒരു സിനിമ ചെയ്യുന്നതിൽ മാത്രമല്ല അതിൽ നിങ്ങൾ ആരുമായി സഹകരിക്കുന്നു എന്നതും അതിന്റെ വിജയത്തേക്കാൾ വളരെ പ്രധാനമാണ് എന്നതാണ്. അതിനുശേഷം ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ആ പാഠം ഉണ്ട്, അതുകൊണ്ടായിരിക്കാം നമ്മൾ വീണ്ടും ഒരുമിച്ച് ആറാമത്തെ സിനിമ ചെയ്യുന്നത്?’, ദീപിക കുറിച്ചു.
ദീപികയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ആറാമത്തെ സിനിമ ‘കിംഗ്’ ആണ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷാരൂഖിന്റെ മകൾ സുഹാന ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘ഓം ശാന്തി ഓം’, ‘ചെന്നൈ എക്സ്പ്രസ്’, ‘ഹാപ്പി ന്യൂ ഇയർ’, ‘പഠാൻ’, ‘ജവാൻ’ എന്നീ സിനിമകൾക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രമാണ് ‘കിംഗ്’. ‘കിംഗ്’ കൂടാതെ ഒരു സിനിമാ പ്രോജക്റ്റും കൂടി ദീപികയും ഷാരൂഖും ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.