Headlines

‘ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല; ഫാസിസ്റ്റ് നടപടികളെ ചെറുത്തുകൊണ്ട് IFFK ഇവിടെ തന്നെയുണ്ടാകും’; മുഖ്യമന്ത്രി

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള രാജ്യാന്തര ചലച്ചിത്രോല്‍ത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘടാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അസാധാരണമായ പ്രതസന്ധി മേളയിലുണ്ടാക്കിയെന്നും 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ട് മേളയുടെ ആവിഷ്‌കാര സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നസ്വരങ്ങളേയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി വേണം ഇതിനെ കാണാന്‍. അങ്ങേയറ്റം അപഹാസ്യമായ തീരുമാനങ്ങളായിരുന്നു മന്ത്രാലയത്തിന്റേത്. ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയുടെ പ്രദര്‍ശനാനുമതി അവര്‍ നിഷേധിച്ചു. ബീഫ് എന്നാല്‍ അവര്‍ക്ക് ഒരു അര്‍ഥമേയുള്ളു. ബീഫ് എന്ന ഭക്ഷണപദാര്‍ഥവുമായി സിനിമയ്ക്ക് ഒരു ബന്ധവും ഇല്ലായിരുന്നു. സ്പാനിഷ് ജനപ്രിയ സംഗീതമായ ഹിപ്‌ഹോപ്പുമായി ബന്ധപ്പെട്ട സിനിമയായിരുന്നു അത്. ഹിപ്‌ഹോപ്പ് സംഗീത സംസ്‌കാരത്തില്‍ ബീഫ് എന്നാല്‍ അര്‍ഥം പോരാട്ടം, കലഹം എന്നൊക്കെയാണ്. ബീഫ് എന്ന് കേട്ടയുടന്‍ ഇവിടുത്തെ ബീഫ് എന്ന് കണക്കാക്കി അതിനെതിരെ വാളെടുക്കുന്ന നടപടിയാണ് സ്വീകരിച്ചത്. ഒടുവില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന ബീഫല്ല ഇതെന്ന് മനസിലായപ്പോഴാണ് അതുള്‍പ്പടെയുള്ള സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് – അദ്ദേഹം പറഞ്ഞു.

സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കാത്തത് കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിലെ ചി ഉദ്യോഗസ്ഥരുടെ അജ്ഞതകൊണ്ടുണ്ടായ സാങ്കേതിക നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 30 വര്‍ഷം പ്രായമായ ഐഎഫ്എഫ്‌കെയെ ഞെരിച്ചുകൊല്ലാനുള്ള സ്വേച്ഛാധിപത്യപരമായ ശ്രമങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് തിരിച്ചറിഞ്ഞാണ് ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.